ഇരുട്ടത്ത്, രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനം; മുഖ്യമന്ത്രി വഞ്ചിച്ചു: പ്രീതി നടേശൻ

കൊച്ചി∙ വനിതാമതിലിന്റെ തൊട്ടടുത്ത ദിവസം ശബരിമലയിൽ രണ്ടു യുവതികൾ കയറിയതിൽ താൻ അസ്വസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഭാര്യയും എസ്എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ പ്രീതി നടേശന്‍. രണ്ടാം നവോത്ഥാനമെന്ന പേരിൽ പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എൽഡിഎഫ് സർക്കാരിനെതിരെ പ്രീതി നടേശൻ ആഞ്ഞടിച്ചത്.

മതിലിന്റെ തൊട്ടടുത്ത ദിവസം ഒരു സ്ത്രീ കരഞ്ഞു കൊണ്ട് എന്നെ വിളിച്ചു പറഞ്ഞു: നടക്കാൻ പാടില്ലാത്തതു സംഭവിച്ചു. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു ! ഇതറിഞ്ഞ സമയത്താണു ഞങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായത് – പ്രീതി നടേശൻ പറഞ്ഞു. യുവതീപ്രവേശത്തിനായി സർക്കാർ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു പറയുമെന്നു നമുക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. ജനുവരി 22 ന് പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനം വരുന്നതുവരെയെങ്കിലും വിധി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി സാവകാശം കാണിക്കണമായിരുന്നു.

ഇരുട്ടത്ത്, രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനം. തലയില്‍ തുണിയിട്ടു മുഖം മറച്ചാണു യുവതികള്‍ സന്നിധാനത്തെത്തിത്. പല ക്ഷേത്രങ്ങളിലും ആചാരങ്ങൾ മാറി. വളരെ സാവധാനം സംഭവിക്കുന്ന മാറ്റമാണിത്. ഭരണഘടനയിലെ പല നിയമങ്ങളും ഭേദഗതി ചെയ്യപ്പെടുന്നതു വർഷങ്ങളുടെ സംവാദങ്ങൾക്കു ശേഷമാണ്. സർക്കാർ സ്വീകരിച്ച നടപടിക്കു നമ്മള്‍ വലിയ വില കൊടുക്കേണ്ടി വന്നു. എത്ര പേരെയാണ് ഈ നീക്കം ബാധിച്ചത്? എത്ര ആളുകളാണു ജയിലിലായത്?

രക്തച്ചൊരിച്ചിൽ ഇല്ലാതെയാണു നവോത്ഥാനം സാധ്യമാകേണ്ടത്. ശാഠ്യം നിറഞ്ഞ നിലപാടുകളിൽനിന്നു മുഖ്യമന്ത്രി താഴേക്കു വരണം. ജനങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കണം. വനിതാമതിൽ നടന്നതിനു പിറ്റേന്ന് ആ മതിലിന്‍റെ ശക്തി അദ്ദേഹം തകര്‍ത്തുകളഞ്ഞു. വനിതാമതിലിലൂടെ പിണറായി വിജയനു ചുറ്റുമുണ്ടായ പ്രഭാവലയം ശബരിമലയിലെ യുവതീപ്രവേശത്തോടെ നഷ്ടമായി– പ്രീതി നടേശൻ പറഞ്ഞു.

എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതുതന്നെയാണു നിലപാട്. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന സമുദായവും സംഘടനയുമാണു ഞങ്ങളുടേത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായപ്പോൾ, ഞങ്ങളോടൊപ്പമുള്ള യുവതികളാരും ശബരിമലയില്‍ പ്രവേശിക്കില്ലെന്നു നിലപാടെടുത്തിരുന്നു. അയ്യപ്പനിൽ വിശ്വാസമുള്ള, ആചാരങ്ങൾ പാലിക്കുന്ന യുവതികളാരും ശബരിമലയിൽ പോകില്ല. തീർച്ചയായും ചില ആക്ടിവിസ്റ്റുകൾ പോയേക്കാം. ശ്രീനാരായണ ധർമം ആചരിക്കുന്നവരും പിന്തുടരുന്നവരുമാണു ഞങ്ങൾ. ആര്‍ത്തവത്തിനു ശേഷം ശുദ്ധിയായി ഏഴു ദിവസത്തിനു ശേഷമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാവൂവെന്നാണു ഗുരുസ്മൃതിയിൽ ശ്രീനാരായണ ഗുരുദേവൻ പറയുന്നത്. ആര്‍ത്തവ സമയത്ത് ഉപയോഗിച്ചിരുന്ന എല്ലാം ശുദ്ധിയാക്കണമെന്നും ഗുരുസ്മൃതിയിലുണ്ട്. 

ഭക്തരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. ഞങ്ങളുടെ കുട്ടികള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കാത്തതിനാലാണു റിവ്യൂ ഹർജി നൽകണമെന്നു തീരുമാനിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ജയിലിൽ കഴിയുന്നവരിലും കേസിൽപെട്ടവരിലും കൂടുതലുള്ളത് ഈഴവ സമുദായക്കാരാണ്. എസ്എൻഡിപി യോഗത്തെ പിന്തുണയ്ക്കുന്നവരിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർ മാത്രമല്ല നക്സലുകൾ വരെയുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ല.

നവോത്ഥാനത്തിന്‍റെ പേരില്‍ ഞങ്ങള്‍ കടുത്ത വഞ്ചന നേരിട്ടെന്നാണു കരുതുന്നത്. വനിതാമതിൽ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതല്ലെന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. കേരളത്തിന്‍റെ സാമൂഹികമൂല്യങ്ങളും നവോത്ഥാന സന്ദേശങ്ങളും ഉയര്‍ത്തിപ്പിടിക്കാനാണു മതിലുയർത്തിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മതിലിൽനിന്നു വിട്ടുനിന്നിരുന്നെങ്കിൽ, ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള നവോത്ഥാനത്തില്‍ നിങ്ങള്‍ എന്തുകൊണ്ടു പങ്കെടുത്തില്ലെന്നു വരുംതലമുറ ചോദിക്കുന്ന സ്ഥിതിയുണ്ടാകും.

എസ്എന്‍ഡിപി കൗണ്‍സിലും ബോര്‍ഡും ചേര്‍ന്നാണു വനിതാമതിലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. യോഗത്തിന്‍റെ എക്‌സിക്യുട്ടീവ് ഓഫിസര്‍ എന്ന നിലയിൽ വെള്ളാപ്പള്ളി ആ തീരുമാനത്തിനൊപ്പം നിന്നു. ശബരിമല യുവതീപ്രവേശത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും മനസ്സിലാക്കുന്നില്ലെന്നുള്ളതു വേദനാജനകമാണ്. പിണറായി വിജയൻ ഇക്കാര്യത്തിൽ വിശാലമനസ്കത കാണിക്കുന്നില്ല. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചെന്നത് ഏറെ മോശമായെന്നു ഞാനും കരുതുന്നു.

സ്ത്രീയെന്ന നിലയിലും വോട്ടർ എന്ന നിലയിലും കേരളത്തിൽ ഒരു സ്ത്രീക്കും രാത്രിയില്‍ ഭയമില്ലാതെ പുറത്തിറങ്ങി നടക്കാനാവില്ലെന്ന് എനിക്കറിയാം. സ്ത്രീകള്‍ക്കു ഭയമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുന്ന കാര്യം വനിതാമതിലിന്‍റെ പ്രധാന അജൻഡ ആക്കാമായിരുന്നില്ലേ? വനിതാമതിലില്‍ പങ്കെടുക്കുമ്പോഴും ഞങ്ങൾ യുവതീപ്രവേശത്തിന് എതിരായിരുന്നു. മതിലിൽ പങ്കെടുക്കണോയെന്ന് എസ്എൻഡിപി യോഗത്തിലെ നിരവധി സ്ത്രീകൾ സംശയിച്ചു. ജനറല്‍ സെക്രട്ടറി നേരിട്ടു വിളിച്ചതിനാലാണ് അവരെല്ലാം എത്തിയത്.

വനിതാമതിലിനെത്തിയപ്പോള്‍ പ്രതിജ്ഞ വായിക്കാന്‍ സി.എസ്.സുജാത ആവശ്യപ്പെടുകയായിരുന്നു. വിയോജിക്കാൻ ഒന്നുമില്ലാത്തതിനാലാണു പ്രതിജ്ഞ വായിച്ചുകൊടുത്തത്. പ്രതിജ്ഞയിൽ യുവതീപ്രവേശത്തെയോ ശബരിമലയെയോ കുറിച്ച് ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പങ്കെടുക്കാതെ മടങ്ങുമായിരുന്നു. ശബരിമലയിൽ യുവതീപ്രവേശത്തിനു വേണ്ടിയുള്ള മതിലാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളാരും പോകില്ലായിരുന്നു  പ്രീതി നടേശൻ പറഞ്ഞു.