റായ്പുർ ∙ പുതുവര്‍ഷത്തലേന്ന് അമ്മയെ കൊന്ന് രക്തം കുടിച്ചു മകന്റെ നരബലി. മാന്ത്രിക ക്രിയകൾക്കിടെയാണു ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ക്രൂരമായ കൊലപാതകം നടന്നത്. ദുർമന്ത്രവാദിയായ ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിനു ദൃക്സാക്ഷിയായ സ്ത്രീ മൂന്ന് ദിവസത്തിനു ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി ദിലീപ് യാദവ് കത്തിച്ചിരുന്നു. ഛത്തീസ്ഗഡിലെ കുഗ്രാമത്തില്‍ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ശനിയാഴ്ചയാണു പുറത്തുവന്നത്. മന്ത്ര– തന്ത്ര കർമങ്ങളിൽ ഏർപ്പെട്ടിരുന്ന ദിലീപ് എല്ലായ്പ്പോഴും നരബലിയെക്കുറിച്ചു സംസാരിച്ചിരുന്നതായി ഗ്രാമവാസികൾ പറയുന്നു. മന്ത്രവാദിനിയെന്നാണു ഇയാൾ അമ്മയെ വിളിച്ചിരുന്നത്. പിതാവിന്റെയും സഹോദരന്റെയും മരണത്തിൽ ഇയാൾ അമ്മയെ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവത്തിനു ദൃക്‌സാക്ഷിയായ രാംകചർ ഗ്രാമത്തിലെ സമീറൻ യാദവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. അയൽക്കാരിയായ സുമരിയയുടെ വീട്ടിൽ പതിവു സന്ദർശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവർ കൊലപാതകത്തിനു ദൃക്‌സാക്ഷിയായത്.
വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങൾ കേട്ടു. അടുത്തെത്തിയപ്പോൾ കോടാലി ഉപയോഗിച്ച് മകൻ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളിൽനിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയിൽ പുളയുമ്പോൾ മകൻ രക്തം കുടിക്കുകയായിരുന്നു. രംഗങ്ങൾ കണ്ടു ഞെട്ടിത്തരിച്ച സമീറനു ഒരക്ഷരം പോലും മിണ്ടാനായില്ല.
മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഭയന്നതിനാൽ കുറച്ചുദിവസത്തേക്ക് ആരോടും ഒന്നും പറയാൻ സാധിച്ചില്ലെന്നു സമീറന്‍ പറയുന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം മരുമകനോടു കാര്യം പറഞ്ഞു. ഇതിനു ശേഷമാണ് സംഭവം പൊലീസിൽ അറിയിച്ചത്. വെള്ളിയാഴ്ച കൊല്ലപ്പെട്ട സുമരിയയുടെ വീട്ടിലെത്തിയ പൊലീസിന് ചാരവും കരിഞ്ഞ എല്ലിൻ കഷണങ്ങളുമാണു ലഭിച്ചത്. ചുവരിലും തറയിലും രക്തക്കറകളും ഫോറൻസിക് സംഘം കണ്ടെത്തി. പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും കൂടി കണ്ടെടുത്തതോടെ സംഭവം നരബലിയാണെന്ന നിഗമനത്തിലാണു പൊലീസ്.
താന്ത്രിക കർമങ്ങൾക്കായുള്ള പുസ്തകങ്ങളും വീട്ടില്‍നിന്നു കണ്ടെത്തി. പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അച്ഛന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായുണ്ടായ അന്ധവിശ്വാസം ഇയാളെ ദുർമന്ത്രവാദത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.