ചണ്ഡീഗഡ്∙ സ്കൂളിലെ സഹപാഠിയെ വിവാഹം കഴിക്കുന്നതിനു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായ 21കാരനെ, വിവാഹശേഷം വേണ്ടെന്നു പറഞ്ഞു യുവതി. ഭാര്യയെ മാതാപിതാക്കൾ തടവിലാക്കിയിരിക്കുകയാണെന്നു കാണിച്ചു യുവാവ് പൊലീസില്‍ പരാതി നൽകി. എന്നാൽ യുവതിക്കു ഭർത്താവിനോടൊപ്പം പോകാന്‍ താൽപര്യമില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച മറുപടി.
സംഭവത്തെക്കുറിച്ചു യുവാവു പറയുന്നതിങ്ങനെ– സ്കൂൾ പഠനകാലത്താണു പെൺകുട്ടിയുമായി പ്രണയത്തിലായത്. രണ്ടു പേർക്കും വിവാഹം കഴിക്കാനും താൽപര്യമുണ്ടായിരുന്നു. എന്നാൽ സ്വവര്‍ഗ വിവാഹത്തെ കുടുംബങ്ങൾ അംഗീകരിക്കില്ലെന്നു തിരിച്ചറിഞ്ഞതു പിന്നീടാണ്. വിവാഹം കഴിക്കണമെങ്കിൽ ഒരാൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ബോധ്യപ്പെട്ടു.
ഇതേ തുടർന്ന് ഒരു വർഷം മുൻപ് ഡൽഹിയില്‍വച്ചു ശസ്ത്രക്രിയ നടത്തി 21 കാരിയായ യുവതി ആണായി മാറി. ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ 10 ലക്ഷം രൂപ ആൾക്കാരിൽനിന്നു കടം വാങ്ങിയതാണ്. ഒക്ടോബർ മാസം അവസാനം ഡൽഹിയിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹക്കാര്യം മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിക്കാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും ഭർത്താവിനെ കാണാൻ പോലും രക്ഷിതാക്കൾ അനുവദിച്ചില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇതേതുടർന്നാണു ഭർത്താവ് പൊലീസിനെ സമീപിക്കുന്നത്. പൊലീസ് കൗൺസിലിങ്ങിനായി ഇരു കുടുംബങ്ങളെയും വിളിപ്പിച്ചു. എന്നാല്‍ ഭർത്താവിന്റെ കൂടെ നിൽക്കാൻ താൽപര്യമില്ലെന്നു യുവതി പൊലീസിനോടു വ്യക്തമാക്കുകയായിരുന്നു. ഭർത്താവിന്റെ വീട്ടിലേക്കു പോകുന്നതിനു യുവതി വിസമ്മതിച്ചതായി എസ്പി സ്മിതി ചൗധരി അറിയിച്ചു. ഇരുവരെയും ഒന്നിപ്പിക്കുന്നതിനായി നിയമവഴിയിലേക്കു നീങ്ങുമെന്നു യുവാവിന്റെ കുടുംബം പ്രതികരിച്ചു.