കരാർ രേഖ സമർപ്പിച്ചില്ലെങ്കിൽ രാജി വയ്ക്കണം: നിർമല സീതാരാമനെതിരെ രാഹുൽ

Nirmala-Sitharaman,-Rahul-Gandhi
SHARE

ന്യൂഡൽഹി ∙ പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് രൺദീപ്സിങ് സുർജേവാലയും. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) കമ്പനിക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്നു പറഞ്ഞതിനെതിരെയാണു നേതാക്കൾ രംഗത്തെത്തിയത്.

ഒരു കള്ളം പറഞ്ഞാൽ അത് മറച്ചുവയ്ക്കുന്നതിനായി വീണ്ടുംവീണ്ടും കള്ളം പറയേണ്ടി വരും. റഫാലിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കള്ളങ്ങൾ മറയ്ക്കാനുള്ള തിടുക്കത്തിൽ പ്രതിരോധ മന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. എച്ച്എഎല്ലിനു സർക്കാർ കരാർ നൽകിയതിന്റെ രേഖകൾ മന്ത്രി പാർലമെന്റിൽ സമർപ്പിക്കണം. അല്ലെങ്കിൽ രാജിവയ്ക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ മന്ത്രി കള്ളം പറയുകയാണെന്നും അത്തരത്തിൽ ഒരു കരാർ കമ്പനിക്കു നൽകിയിട്ടില്ലെന്നും സുർജേവാല പറഞ്ഞു.

ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നതിനായി എച്ച്എഎൽ 1000 കോടി രൂപ വായ്പയെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് നിർമല സീതാരാമനെതിരെ അരോപണവുമായി രാഹുലും സുർജേവാലയും രംഗത്തെത്തിയത്. റഫാൽ ഇടപാടിന്റെ ഓഫ്സെറ്റ് കരാർ അനിൽ അംബാനിയുടെ പ്രതിരോധ കമ്പനിക്കു നൽകിയതിന്റെ നഷ്ടപരിഹാരമായാണ് ഇപ്പോൾ സർക്കാര്‍ ഈ ചെറിയ കരാർ എച്ച്എഎല്ലിനു നൽകാൻ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ‌വെള്ളിയാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് എച്ച്എഎല്ലിനു ഒരു ലക്ഷം കോടി രൂപയുടെ കരാർ സർക്കാർ നൽകിയെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. എച്ച്എഎല്ലിനായി കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അവർ പറഞ്ഞു. വിഷയത്തിൽ എച്ച്എഎൽ പ്രതികരിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA