മട്ടന്നൂർ∙ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. തിങ്കളാഴ്‌ച രാവിലെ റിയാദില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ എത്തിയ താമരശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീറില്‍നിന്നാണ് 750 ഗ്രാം സ്വര്‍ണം പിടികൂടിയത്. റോളര്‍സ്‌കേറ്റിങ് ഷൂസുകളുടെ അടിഭാഗത്ത് ഒളിച്ചുവച്ചാണു സ്വര്‍ണം കടത്തിയത്. സംശയം തോന്നിയ കസ്‌റ്റംസ് ജംഷീറിനെ പരിശോധിച്ചു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
കസ്‌റ്റംസ് അസി. കമ്മിഷണര്‍മാരായ മധുസൂദന ഭട്ട്, ഒ പ്രദീപ്, സൂപ്രണ്ടുമാരായ പ്രദീപ്‌കുമാര്‍ നമ്പ്യാര്‍, ജഗദീഷ്, രാധേഷ്, ഇന്‍സ്‌പെക്ടര്‍മാരായ രോഹിത്‌കുാമാര്‍ ശര്‍മ, ദിലീപ് കൗശല്‍, പ്രകാശന്‍, സന്ദീപ്, ഹവീല്‍ദാര്‍ ശ്രീരാജ് എന്നിവരടെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണക്കടത്ത് പിടികൂടിയത്. സ്വര്‍ണത്തിന് 25 ലക്ഷംരൂപ വിലവരും. ജംഷീറിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വരികയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിലെ രണ്ടാമത്തെ സ്വര്‍ണവേട്ടയാണിത്. കഴിഞ്ഞയാഴ്‌ച പിണറായി സ്വദേശി മുഹമ്മദ് ഷാനില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഒരുകിലോ സ്വര്‍ണം പിടികൂടിയിരുന്നു.