കൊച്ചി∙ ശബരിമല തന്ത്രിയെ മാറ്റാനാവില്ലെന്ന താഴമണ്‍ കുടുംബത്തിന്റെ നിലപാട് തള്ളി സര്‍ക്കാര്‍. തന്ത്രികുടുംബം വിശദീകരണക്കുറിപ്പിറക്കിയത് അനുചിതമാണ്. 2006 ല്‍ തന്ത്രിയെ മാറ്റിയതും ഇപ്പോഴത്തെ തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോര്‍ഡാണ്. വിവാദങ്ങളുണ്ടാക്കാതെ നടയടച്ചതിനു വിശദീകരണം നല്‍കുകയാണു തന്ത്രി ചെയ്യേണ്ടതെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ശബരിമല മകരവിളക്കിനുശേഷം തന്ത്രിക്കെതിരെ നടപടിയെന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ നിലപാടിനു അടിവരയിടുന്നതാണു കടകംപള്ളിയുടെ വാക്കുകള്‍. തന്ത്രിയെ മാറ്റാനാകില്ലെന്ന താഴമണ്‍കുടുംബത്തിന്റെ വാദത്തെ മന്ത്രി പൂര്‍ണമായും തള്ളി.
മാത്രമല്ല താന്ത്രികാവകാശം പാരമ്പര്യമാണെന്ന താഴമണ്‍കുടുംബത്തിന്റെ വാദത്തെ പരിഹസിച്ച മന്ത്രി കടുത്ത നിലപാടുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുന്നു. തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും ,ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശമ്പളമല്ല ,ദക്ഷിണയാണ് നല്‍കുന്നതെന്നുമുള്ള താഴമണ്‍ മഠത്തിന്റെ മറുപടിക്കു പിന്നാലെയാണു സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.