ബോബി ജയിലിനു പുറത്തേക്ക്; 50 വർഷം മുൻപ് ലോകത്തെ ഞെട്ടിച്ച ‘മാൻസൺ കുടുംബാംഗം’

കലിഫോർണിയ ∙ റോബർട്ട് ബോസലൈ അഥവാ ബോബി ബോസലൈ– അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങളുടെ സൂത്രധാരൻ ചാൾസ് മാൻസണിന്റെ അനുയായി. കൊലക്കുറ്റത്തിനു ജയിലിൽ കഴിഞ്ഞിരുന്ന ബോബിക്ക് 50 വർഷത്തിനു ശേഷം പരോൾ അനുവദിച്ചു. അരനൂറ്റാണ്ടു മുൻപു മഹാക്രൂരതയുടെ പര്യായമായി മാറിയ ‘മാൻസൺ കുടുംബ’ത്തെക്കുറിച്ചുള്ള കഥകൾ ഓർക്കുകയാണ് ഈയവസരത്തിൽ അമേരിക്ക.

കലിഫോർണിയയിലെ പരോൾ പാനലാണു 71കാരനായ ബോബിക്കു പരോളിനു ശുപാർശ ചെയ്തത്. മാൻസൺ കുടുംബത്തിന്റെ കുപ്രസിദ്ധമായ 1969ലെ ഷാരോൺ ടെറ്റെ കൊലപാതകത്തിൽ പക്ഷേ ബോബിക്കു പങ്കില്ല. അതേ വർഷം സംഗീതജ്ഞൻ ഗാരി ഹിൻ‌മാനെ കൊലപ്പെടുത്തിയതിലാണു ബോബി പ്രതിയായത്. മുൻപ് 18 തവണ നിഷേധിക്കപ്പെട്ട ശേഷമാണു ബോബിക്ക് ഇപ്പോൾ പരോൾ നൽകുന്നത്. സംഗീതജ്ഞനായും നടനായും വളരവേയാണു കൊലക്കൂട്ടത്തിൽ ബോബിയും പങ്കാളിയായത്.

മൂന്നു വർഷത്തോളം ഹിൻ‌മാനെ ചാൾസ് മാൻസൺ നിരന്തരം ഉപ്രദവിച്ചിരുന്നു. വാൾ കൊണ്ടു മുഖത്തു മുറിവേൽപ്പിച്ചു. പിന്നീടാണു ബോബി ഇയാളെ കൊലപ്പെടുത്തിയത്. കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായി വർഷങ്ങളോളം പുറംലോകം കാണാതെ കഴിഞ്ഞ ചാൾസ് മാൻസൺ 2017ൽ ജയിലിലാണു മരിച്ചത്. ബോബി ബോസലൈ ഭാഗ്യവാനാണെന്നും 1973ൽ വധശിക്ഷ ജീവപര്യന്തമാക്കപ്പെട്ടെന്നും പരോൾ വിചാരണയ്ക്കിടെ, ഗാരി ഹിൻ‌മാന്റെ ബന്ധു ഹിൻ‍മാൻ മാർട്ട്ലി അഭിപ്രായപ്പെട്ടു.

ഇത്തരം അക്രമികളെ ജയിലിൽനിന്നു പുറത്തുവിടരുത്. ഗവർണർ തന്നെ കൈവിടില്ലെന്നാണു പ്രതീക്ഷയെന്നും മാർട്ട്‌ലി പറഞ്ഞു. തന്റെ കക്ഷി ഇപ്പോൾ അപകടകാരിയല്ല. വൈകിവന്ന നീതിയാണിത്. 1969ലെ ആളല്ല ഇപ്പോഴത്തെ ബോബി. ഉൾക്കാഴ്ചയും ചിന്താശേഷിയും ആർദ്രതയുമുള്ള വ്യക്തിയാണെന്നും ബോബിയുടെ അഭിഭാഷകൻ ജേസൺ കാംപൽ ചൂണ്ടിക്കാട്ടി. പരോളിനെതിരെ സമൂഹമാധ്യമ പെറ്റീഷനുമായി മുന്നോട്ടു പോകുമെന്നു ഷാരോൺ ടെറ്റിന്റെ സഹോദരി ദെബ്ര ടെറ്റ് പറഞ്ഞു.

നടി ഷാരോൺ ടെറ്റ്. ചിത്രം: ഷാരോൺ ടെറ്റ്.നെറ്റ്

ക്രൂരതയുടെ സംഗീതമായി ‘മാൻസൺ ഫാമിലി’

കറുത്തവരും വെളുത്തവരും തമ്മിലുള്ള വംശീയ യുദ്ധം– ഇതായിരുന്നു ‘മാൻസൺ കുടുംബത്തിന്റെ’ ഉൾപ്രേരണ. 1950കളിൽ അമേരിക്കയില്‍ പ്രചാരത്തിലിരുന്ന ഹിപ്പി സംസ്കാരത്തിന്റെ നേതാവായാണു ചാൾസിന്റെ രംഗപ്രവേശം. പിതാവാരാണെന്ന് അറിയാത്ത ചാൾസിന്റെ കുട്ടിക്കാലം യാതനാപൂർണമായിരുന്നു. കൂടുതൽ സമയവും ജയിലിലായിരുന്നു. ചെറിയ മോഷണ കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ച മാന്‍സണ്‍ ക്രമേണ കൊടുംകുറ്റവാളിയായി മാറി. ബീറ്റിൽസ് സംഗീതത്തിന്റെ ആരാധകനും പ്രചാരകനുമായിരുന്ന ചാൾസ്, തന്നിലേക്കു യുവാക്കളെയും യുവതികളെയും ആകർഷിച്ചു. 

ദൈവത്തിന്റെ പുനരവതാരമാണെന്നും ദൈവമാണെന്നും പ്രഖ്യാപിച്ച ചാൾസ്, തന്റെ പദ്ധതികൾ നടത്താനായി മാൻസൺ ഫാമിലി എന്ന കൂട്ടായ്മ രൂപീകരിച്ചു. ‘ജയില്‍മുറിയാണ് എന്റെ പിതാവ്, നിങ്ങളുടെ സംവിധാനമാണ് എന്റെ പിതാവ്, നിങ്ങളുടെ സൃഷ്ടിയാണ് ഞാന്‍, നിങ്ങളുടെ പ്രതിഛായ മാത്രമാണു ഞാന്‍’– കൂട്ടക്കൊലകളിലെ പ്രതിയായി ജയിലിൽ കഴിയുമ്പോഴും നേരിയ പശ്ചാത്താപം പോലുമില്ലാതെ മാന്‍സൺ പറഞ്ഞു.

സംഗീതത്തിന്റെ മാന്ത്രിക ലഹരിയിൽ വംശീയാക്രമണവും ക്രൂരതയും ചാൾസ് ആസൂത്രണം ചെയ്തപ്പോൾ, എന്തിനും തയാറായ ഭ്രാന്തരെപ്പോലെ അനുയായികൾ അനുസരിച്ചു. വെള്ളക്കാരെ കൊല്ലുന്നത് ആഫ്രോ- അമേരിക്കന്‍ വംശജരാണെന്നു വരുത്തിത്തീര്‍ത്തു കലാപത്തിന് അരങ്ങൊരുക്കാനും ചാൾസ് ലക്ഷ്യമിട്ടു.

മദ്യമാണ് ആദ്യം മോഷ്ടിച്ചത്. പിന്നെ കാറുൾപ്പെടെയുള്ള വാഹനങ്ങളായി. മോഷണവും ജയിലുമായി കഴിയുമ്പോഴും തന്നിലെ സംഗീതജ്ഞനെ ചാൾസ് പരിപോഷിപ്പിച്ചു. ചാൾസിന്റെ പാട്ടുകൾക്കും ആരാധകരുണ്ടായി. ഗായകനും ഗിറ്റാര്‍ വാദകനുമായിരുന്ന ചാൾസ് മാന്‍സണ്‍ 1970ല്‍ സ്വന്തം ആല്‍ബം ഇറക്കി. ആരാധകരും അനുയായികളും ഉൾപ്പെടെ ഹിപ്പി ജീവിതം നയിച്ചിരുന്ന ചെറുപ്പക്കാരെ കൊലപാതക സംഘമാക്കുകയായിരുന്നു ചാൾസ്. ബീറ്റില്‍സ് പ്രവാചക സംഘമാണെന്നാണു മാൻസൺ കുടുംബത്തെ ഇയാൾ വിശേഷിപ്പിച്ചിരുന്നത്. ഇതിലേക്കാണു ബോബിയും പ്രവേശിച്ചത്.

1968ല്‍ ബീറ്റില്‍സ് പുറത്തിറക്കിയ ആല്‍ബത്തിലെ ഹെൽട്ടർ സ്കെൽറ്റർ, പിഗ്ഗീസ് എന്നീ പാട്ടുകൾ ചാൾസിനെ ഭ്രാന്തമായി ആവേശിച്ചു. ഭൂമിയില്‍ അന്തിമ യുദ്ധത്തിനു സമയമാണെന്നാണു ഹെൽട്ടൽ സ്കെൽറ്ററിന്റെ വ്യാഖ്യാനമെന്നു ചാൾസ് അനുയായികളെ പഠിപ്പിച്ചു. കറുത്തവർ വെളുത്ത വര്‍ഗക്കാരെ തകര്‍ത്തു പറന്നുയരുമെന്നു വിശ്വസിപ്പിച്ചു. നിലവിലെ വ്യവസ്ഥിതിയെ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ആക്രമിക്കാൻ ഉദ്ദേശിക്കുന്നവരെ ‘പിഗ്സ്’ (പന്നികള്‍), ഹീല്‍റ്റര്‍ സ്കെല്‍റ്റര്‍ എന്നിങ്ങനെയാണു ചാൾസ് പറഞ്ഞിരുന്നത്. ഇതേ വാക്കുകൾ കൊല്ലപ്പെട്ടവരുടെ വീടുകളിൽ രക്തംകൊണ്ട് എഴുതിയാണു മാൻസൺ കുടുംബം ക്രൂരത അടയാളപ്പെടുത്തിയത്.

പൊളാൻസ്കിയുടെ ഭാര്യയെ കൊന്ന സംഘം

നടി ഷാരോൺ ടെറ്റ്. ചിത്രം: ഷാരോൺ ടെറ്റ്.നെറ്റ്

ടെറി മെല്‍ച്ചര്‍ എന്ന പ്രൊഡ്യൂസറിനൊപ്പം ചേര്‍ന്നു സംഗീത ആല്‍ബങ്ങള്‍ ഇറക്കാൻ മാന്‍സണ്‍ ശ്രമിച്ചിരുന്നു. പല കാരണങ്ങളാൽ മെര്‍ച്ചര്‍ പിന്മാറിയതോടെ ആൽബം നടന്നില്ല. ഇതിൽ കോപാകുലനായ ചാൾസ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. മാന്‍സണെ പേടിച്ചു മെര്‍ച്ചര്‍ ഒഴിഞ്ഞുപോയ വീട്ടിലേക്കാണു സംവിധായകനും നടനുമായ റൊമാൻ പൊളാന്‍സ്‌കിയും ഭാര്യ ഷാരോൺ ടെറ്റും താമസിക്കാനെത്തിയത്. മാന്‍സണ്‍ ഫാമിലിയുടെ കൊലപാതകങ്ങൾ മെർച്ചർ താമസിച്ചിരുന്ന വീട്ടിൽനിന്നാരംഭിക്കാമെന്നു ചാൾസ് പദ്ധതിയിട്ടു.

മദ്യവും മയക്കുമരുന്നും അരാജകത്വവും നിറഞ്ഞ മാൻസൺ കുടുംബത്തിലെ സ്ത്രീകൾ അപകടകാരികളായിരുന്നു. സ്ത്രീകളെയും കൊലപാതകങ്ങൾക്ക് ഉപയോഗിച്ചു. 1969 ഓഗസ്റ്റ് ഒമ്പതിനു രാത്രിയിലാണു ചാൾസ് മാന്‍സണ്‍ കൂട്ടക്കൊല തുടങ്ങിയത്. ബെവർലി ഹിൽസിലെ പൊളാൻസ്കിയുടെയും ഷാരോണ്‍ ടെറ്റയുടെയും വസതിയായിരുന്നു ആദ്യ ലക്ഷ്യം. ഗർഭിണിയായ ഷാരോണ്‍ ടെറ്റ്, അബിഗെയില്‍ ഫോല്‍ഗര്‍, ജേ സെബ്രിങ്, വോയിക് ഫ്രികോവിസ്കി, സ്റ്റീവന്‍ പേരന്റ് എന്നിവരാണു കൊല്ലപ്പെട്ടത്.

ചാൾസ് മാൻസൺ, മാൻസൺ ഫാമിലി. ചിത്രം: എഎഫ്പി, ക്രൈം മ്യൂസിയം

ചാൾസിന്റെ നിർദേശപ്രകാരം ചാൾസ് വാട്സൺ, സൂസൻ അറ്റ്കിൻസ്, ലിൻഡ കസാബിയൻ, പട്രീഷ്യ ക്രെൻവിൻകൽ എന്നിവരാണു കൊല നടത്തിയത്. പൊളാൻസ്കിയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറിയ സംഘം ആദ്യം കണ്ടതു വീടിന്റെ കെയർടേക്കറുടെ സുഹൃത്ത് സ്റ്റീവൻ പേരന്റിനെയാണ്. കത്തി കൊണ്ടു കുത്തിയശേഷം ഇയാളുടെ നെഞ്ചിലും വയറ്റിലും നിറയൊഴിച്ചു. ജനൽ തകർത്തു വീടിനുള്ളിൽ കയറിയ വാട്സൺ, അറ്റ്കിൻസിനും ക്രെൻവിൻകലിനുമായി ഉമ്മറ വാതിൽ തുറന്നുകൊടുത്തു.

കാര്യങ്ങൾ നിരീക്ഷിക്കാൻ കസാബിയൻ കാവൽനിന്നു. വാട്സണും കൂട്ടരും അകത്തുകയറി. ടെറ്റെയെയും സെബ്രിങ്ങിനെയും കഴുത്തിൽ കയറിട്ടു കൂട്ടിക്കെട്ടി കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. സെബ്രിങ്ങിനെ ഇടിച്ചും വെടിവച്ചും കൊലപ്പെടുത്തി. ടവൽ കൊണ്ടു കെട്ടിയിടപ്പെട്ട ഫ്രികോവിസ്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാട്സന്റെ മുന്നിൽപ്പെട്ട് വെടിയേറ്റു മരിച്ചു. മുറിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഫോൽഗറും തോക്കിനു മുന്നിൽ കീഴടങ്ങി.

താൻ ഗർഭിണിയാണെന്നും മാനുഷിക പരിഗണന കണക്കിലെടുത്തു വെറുതെ വിടണമെന്നും ഷാരോൺ ടെറ്റെ കേണപേക്ഷിച്ചു. വീട്ടിലെ ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും കണ്ട് ടെറ്റെ ഭയന്നിരുന്നു. പക്ഷേ ടെറ്റെയുടെ വിലാപത്തിനു സംഘത്തിന്റെ മനസ്സലിയിക്കാനായില്ല. അറ്റ്കിൻസ് ഇടിച്ചും തൊഴിച്ചും ടെറ്റെയെ വകവരുത്തി. ഗുരുതര പരുക്കേറ്റതിനാൽ, ടെറ്റെയുടെ എട്ടു മാസമായ ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 10ന് രാത്രിയിൽ അടുത്ത കൊലകൾ അരങ്ങേറി. ടെറ്റെ കൊലയിൽ നേരിട്ടു പങ്കെടുക്കാതിരുന്ന ചാൾസൻ കൂട്ടാളികൾക്കൊപ്പം പിറ്റേദിവസം ഇറങ്ങി. സമ്പന്ന വ്യാപാരി ലെനോ ലാബ്രിയാൻക, ഭാര്യ റോസ്മേരി എന്നിവരായിരുന്നു ഇരകൾ. ചാൾസനൊപ്പം ലെസ്‌ലി വാൻ ഹൂട്ടൻ, സ്റ്റീവ് ഗ്രോഗൻ, സൂസൻ അറ്റ്കിൻസ്, ലിൻഡ കസാബിയൻ, പട്രീഷ്യ ക്രെൻവിൻകൽ, ചാൾസ് വാട്സൺ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

ലെനോ ലാബ്രിയാൻകയുടെ വീട്ടിൽനിന്നു പണവും ആഭരണങ്ങളും മോഷ്ടിച്ചാണു സംഘം മടങ്ങിയത്. ലെനോയുടെ രക്തം കൊണ്ടു ലിവിങ് റൂമിൽ ‘പന്നികളുടെ മരണം’, ‘ഉയർച്ച’, ‘ഹെൽറ്റർ സ്കെൽറ്റർ’ എന്നിങ്ങനെയും എഴുതി. ഏതാനും ദിവസങ്ങൾക്കകം മാൻസൺ ഫാമിലിയുമായി അടുപ്പമുള്ള സംഗീതജ്ഞൻ ഗാരി ഹിൻ‌മാനും കൊല്ലപ്പെട്ടു.

മാൻസൺ അറസ്റ്റിൽ, ലോകം ‍ഞെട്ടി

ദിവസങ്ങൾക്കിടെ നടന്ന കൊലപാതകങ്ങൾ അമേരിക്കയെ ഞെട്ടിച്ചു. കേസ് അന്വേഷണം ആരംഭിച്ചു. ഹിൻ‌മാൻ കൊലക്കേസിൽ മാൻസൺ കുടുംബത്തിലെ ബോബി ബോസലൈ അറസ്റ്റിലായി. ടെറ്റെ കൊലക്കേസിൽ കെയർടേക്കർ ഗാരത്‌സണും അറസ്റ്റിലായി. സംഭവങ്ങൾക്കു സാക്ഷിയായിരുന്നു ഇയാൾ. നുണപരിശോധനയ്ക്കുശേഷം പിന്നീടു ഗാരത്‌സൺ വിട്ടയക്കപ്പെട്ടു.

ഇതിനിടെ ടെറ്റെ, ഹിൻമാൻ കൊലകളിലെ ചില സാമ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ടെറ്റെ, ലാബിയാൻക, ഹിൻമാൻ കേസുകൾ വ്യത്യസ്തമായാണ് ആദ്യം അന്വേഷിച്ചത്. അപ്പോഴാണു മാൻസൺ ഫാമിലിയുടെ നിഗൂഢതകൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ഡെത്ത് വാലിയിലെ മാൻസൺ ഫാമിലി കേന്ദ്രത്തിൽ റെയ്ഡ് നടത്തി. മോഷ്ടിക്കപ്പെട്ട വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. നിരവധി പേർ അറസ്റ്റിലായി.

ബോബി ബോസലൈയുടെ പെൺസുഹൃത്ത് കിറ്റി ലൂറ്റ്സിങർ ഉൾപ്പെടെയുള്ളവരാണു പിടിയിലായത്. കിറ്റിയെ ചോദ്യം ചെയ്തതിൽ നിന്നാണു മാൻസൺ ഫാമിലിയുടെ കൂട്ടക്കൊലയെക്കുറിച്ചു തുമ്പ് കിട്ടുന്നത്. പിന്നീട് വിരലടയാളം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ പിൻബലത്താൽ ചാൾസ് ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലായി. ചാൾസ് മാൻസൺ‌, വാട്സൺ, അറ്റ്കിൻസ്, ക്രെവിൻകൽ, വാൻ ഹൂട്ടൻ, കസാബിയൻ തുടങ്ങിയവരെ ജയിലിലടച്ചു. ചാൾസും ബോബിയും ഉൾപ്പെടെയുള്ള പ്രതികള്‍ക്കെല്ലാം കോടതി വധശിക്ഷ വിധിച്ചു. 1972ല്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു.

ജയിലിലായിരിക്കേ 12 തവണയും ചാൾസിനു പരോൾ നിഷേധിക്കപ്പെട്ടു. ഇതിൽ പ്രകോപിതനായ ചാൾസ് നെറ്റിയിൽ ഗുണനചിഹ്നം വരച്ചാണു പ്രതിഷേധിച്ചത്. ഗുണനചിഹ്നം പിന്നീട് സ്വസ്തി ചിഹ്നമാക്കി മാറ്റി. കുടലില്‍ അണുബാധയെ തുടര്‍ന്ന് 2017 ജനുവരി ഒന്നിന് ചാൾസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 15ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നാലുദിവസത്തിനു ശേഷം തന്റെ 83–ാം വയസ്സിൽ ചാൾസ്‌ മാൻസൺ എന്ന കൊടുംകുറ്റവാളി ലോകത്തോടു വിട പറഞ്ഞു.

വിചാരണ വേളയില്‍ താന്‍ നിരപരാധിയാണെന്നും സമൂഹമാണു കുറ്റവാളിയെന്നുമാണു ചാൾസ് വാദിച്ചത്. ‘അയാളൊരു പിശാചായിരുന്നു. മാനുഷിക മൂല്യങ്ങളെ വികൃതമാക്കിയ മനുഷ്യന്‍’– ചാൾസ് മാൻസന്റെ മരണം, കേസിലെ പ്രോസിക്യൂട്ടര്‍ ആയിരുന്ന വിന്‍സെന്റ് ബയോസി മാധ്യമങ്ങളെ അറിയിച്ചതിങ്ങനെ. മാൻസൺ കുടുംബം വിപുലമായിരുന്നു, നിഗൂഢവും. ചാൾസിന്റെ അറസ്റ്റിനും പതിറ്റാണ്ടുകൾക്കു ശേഷമുള്ള മരണത്തിനും ശേഷവും അമേരിക്കയുടെ ഭീതിമുഖമായി മാൻസൺ ഫാമിലി മായാതെ നിൽക്കുന്നു.