കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണി രാവിലെ മുതൽ പോസിറ്റീവ് പ്രവണതയിൽ വ്യാപാരം പുരോഗമിക്കുന്നു. യൂറോപ്പ്, യുഎസ് വിപണികൾ പോസിറ്റീവ് പ്രവണതയിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളും നേട്ടത്തിന്റെ പാതയിലാണ്. കഴിഞ്ഞ ദിവസം 10803.15ന് ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10862.4നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 10870.4 വരെ സൂചിക നില ഉയർന്നു. ഇന്നലെ 35980.93ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് സൂചിക 36181.37ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 36250.54 വരെ നേട്ടമുണ്ടാക്കി. നിലവിൽ 0.48ശതാനം ഉയർച്ചയിലാണു വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യൻ രൂപയ്ക്കെതിരെ ഡോളർ നില മെച്ചപ്പെടുത്തിയത് ഐടി സ്റ്റോക്കുകൾക്കു നേട്ടമായി. ക്രൂഡോയിൽ വിലയിലുണ്ടായ വർധന ഓയിൽ കമ്പനികൾക്ക് ഇടിവ് സമ്മാനിച്ചു. നിഫ്റ്റിയിൽ 8 സെക്ടറുകൾ നേട്ടത്തിലും മൂന്ന് സെക്ടറുകൾ നഷ്ടത്തിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഇതിൽ ഉൾപ്പെട്ട 776 സ്റ്റോക്കുകൾ ലാഭത്തിലും 703 സ്റ്റോക്കുകൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി, ഓട്ടോ ഇൻഡെക്സുകളാണ് നേട്ടത്തിലുള്ളത്. മെറ്റൽ, പബ്ലിക് സെക്ടർ ബാങ്കുകൾ റിയൽറ്റി സെക്ടറുകളാണ് നെഗറ്റീവ് പ്രവണതയിലുള്ളത്. ഇൻഫോസിസ്, ആക്സിസ് ബാങ്ക്, വിപ്രോ, യുപിഎൽ സ്റ്റോക്കുകൾ ലാഭത്തിലാണുള്ളത്. ഹിന്ദു പെട്രോ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഗെയിൽ സ്റ്റോക്കുളാണ് നഷ്ട പ്രവണതയിലുള്ളത്.
നിഫ്റ്റിക്ക് 10870, 10900 എന്നിങ്ങനെ ആയിരിക്കും ഇന്നത്തെ സിസ്റ്റൻസ് ലവലുകൾ. 10820 താഴെ വ്യാപാരം നടന്നാൽ അടുത്ത സപ്പോർട് ലവൽ 10780 ആയിരിക്കും. നിഫ്റ്റിക്ക് 10870ന് മുകളിൽ ഒരു ക്ലോസിങ് ലഭിച്ചാൽ തുടർ ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ് തുടരുന്നതിനു സാധിക്കുമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കു മൂല്യത്തകർച്ചയാണുള്ളത്. 70.20ന് ഇന്നലെ ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 70.39നാണ് വ്യാപാരം പുരോഗമിക്കുന്നത്.