രാജ്യസഭയും കടന്ന് സാമ്പത്തിക സംവരണ ബിൽ; സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളി

Rajyasabha
SHARE

ന്യൂഡൽഹി∙ മുന്നോക്ക സംവരണ ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയുടെയും അംഗീകാരം. രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനു മുൻപ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടത് കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളി. 165 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ ഏഴു പേർ മാത്രമാണ് എതിർത്തത്. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% തൊഴിൽ, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന 124–ാം ഭരണഘടനാ ഭേദഗതിയാണു പാസായത്. കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു.

രാവിലെ ചർച്ച ആരംഭിച്ചപ്പോൾ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനു മുൻപ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ഇടത് കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ മേഖലയിലെ സംവരണവും ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ അംഗം ടി.കെ. രംഗരാജൻ നോട്ടീസ് നല്‍കിയിരുന്നു. സിപിഎമ്മിന്റെ ഈ ആവശ്യങ്ങൾ വോട്ടിനിട്ടു തള്ളുകയായിരുന്നു. വോട്ടെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് എസ്പിയും കോണ്‍ഗ്രസും സമ്മതിച്ചിട്ടുണ്ടെന്നും ഇടതു നേതാക്കള്‍ വ്യക്തമാക്കി.

സാമൂഹിക നീതിയുറപ്പാക്കുക ലക്ഷ്യം വച്ചുള്ള ബില്‍ രാജ്യസഭ പാസാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രധാമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. അനീതി അവസാനിക്കണം. അവസരങ്ങളിലെ സമത്വമാണ് നമുക്ക് വേണ്ടത്. ജനങ്ങളുടെ ആഗ്രഹത്തെ രാജ്യസഭ ബഹുമാനിക്കുമെന്നാണു കരുതുന്നത്. പ്രതിപക്ഷം കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ പറഞ്ഞു.

21–ാം നൂറ്റാണ്ടിൽ മറ്റൊരു അംബേദ്കർ ജനിച്ചെന്ന് വിഷയത്തിൽ പ്രതികരിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. സാമ്പത്തികമായി ദുർബലരായ ജനങ്ങൾക്കു വേണ്ടി അദ്ദേഹമാണു തീരുമാനമെടുത്തത്. പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. പാവപ്പെട്ടവന്റെ മകൻ പാവപ്പെട്ട ജനങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയിൽ ചൊവ്വാഴ്ച പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭയിൽ പരിഗണിക്കുന്നുണ്ട്. നാലര മണിക്കൂർ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു സാമ്പത്തിക സംവരണ ബിൽ ലോക്സഭ പാസാക്കിയത്. 323 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോൾ മൂന്നു പേർ മാത്രം എതിർത്തു വോട്ട് ചെയ്തു.

നിയമനിർമാണം അടുത്ത സമ്മേളനത്തിൽ

സാമ്പത്തിക സംവരണ നിയമനിർമാണത്തിനു വഴിയൊരുക്കി ഭരണഘടനയുടെ 15, 16 വകുപ്പുകളാണു ഭേദഗതി ചെയ്തത്. നിയമനിർമാണത്തിനുള്ള ഭരണഘടനാപരമായ തടസങ്ങൾ ഒഴിവാക്കുന്നതാണു ഭേദഗതി. ഇതു പാസായ ശേഷം നിയമനിർമാണം നടത്തുന്നതോടെ മുന്നാക്ക സംവ‌രണം നിലവിൽ വരും. ശൈത്യകാല സമ്മേളനം ഇന്നു സമാപിക്കുന്നതുകൊ‌ണ്ടു അടുത്ത സമ്മേളനത്തിലേ നിയമനിർമാണമുണ്ടാവൂ.

ഭേദഗതി ചെയ്ത ഭരണഘടനാ വകുപ്പുകൾ

ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിൽ ‘സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെ’ന്ന 6–ാം അനുച്ഛേദമാണു ഭേദഗതിയായി ലോക്സഭ കൂട്ടിച്ചേർത്തത്. സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് ‌സ്ഥാപനങ്ങൾക്കു വ്യവസ്ഥ ബാ‌ധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ബാധകമല്ല. 10% ആണു പരമാവധി സംവ‌രണ പരിധി.

16–ാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേർത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ‌10% തൊഴിൽ സം‌വരണം ഉറപ്പാക്കുന്നതാണിത്. പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കും വിദ്യാഭ്യാസ സംവരണം നൽകാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങ‌ളെക്കുറിച്ചു പരാമർശമുണ്ട്. എങ്കിലും ഈ വ്യവസ്ഥ നടപ്പാക്കുന്നതിനു നിയമം പാസാക്കിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA