ഓസ്ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ‘അജ്ഞാത പൊതിക്കെട്ട്’; ജാഗ്രതാ നിര്‍ദേശം, അന്വേഷണം

indian-consulate-melbourne
SHARE

മെൽബൺ∙ ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ സംശയകരമായ സാഹചര്യത്തിൽ പൊതിക്കെട്ട് കണ്ടെത്തി. മറ്റുപല നയതന്ത്ര സ്ഥാപനങ്ങള്‍ക്കു മുൻപിലും സമാനമായ ‘അജ്ഞാത പൊതികൾ’ കണ്ടെത്തിയതോടെ സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി. 10 രാജ്യാന്തര കോണ്‍സുലേറ്റുകളിലാണ് ബുധനാഴ്ച ഇത്തരം പൊതിക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്.

സെന്റ് കിൽഡ റോഡിലെ യുഎസ്, ഇന്ത്യൻ കോൺസുലേറ്റുകളിൽ അഗ്നിരക്ഷാ സേന, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവര്‍ എത്തിച്ചേർന്നിട്ടുണ്ട്. എംബസികളിലും കോൺസുലേറ്റുകളിലും എത്തിയ പൊതികൾ പരിശോധിച്ചു വരികയാണെന്ന് ഓസ്ട്രേലിയൻ ഫെഡറല്‍ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസിനൊപ്പം നടപടികൾ പുരോഗമിക്കുകയാണെന്ന് മെട്രോപോളിറ്റൻ ഫയർ ബ്രിഗേഡ് (എംഎഫ്ബി) വ്യക്തമാക്കി.

യുകെ, കൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാക്കിസ്ഥാൻ, ഗ്രീസ്, ഇന്തൊനീഷ്യ എന്നീ രാഷ്ട്രങ്ങളുടെ കോൺസുലേറ്റുകളിലാണു അജ്ഞാത പൊതിക്കെട്ടുകളെത്തിയതെന്നാണു വിവരം. സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചശേഷമാണ് ഉദ്യോഗസ്ഥർ കെട്ടിടങ്ങള്‍ക്കകത്തു പ്രവേശിക്കുന്നത്. അതേസമയം ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. രണ്ട് ദിവസം മുൻപ് സിഡ്നിയിലെ അർജന്റീനിയന്‍ കോൺസുലേറ്റിൽ വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA