പട്ന∙ ബിഹാറിലെ ഗയയില്‍ പതിനാറുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെച്ചൊല്ലി സംഘർഷം. ഞായറാഴ്ചയാണു തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് ആസിഡ് ഒഴിച്ചും നെഞ്ചത്ത് വലിയ വൃണങ്ങൾ രൂപപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം. പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാൽ ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായിട്ടാണു പൊലീസിന്റെ ഭാഷ്യം. പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു ബിഹാറിൽ വൻ പ്രതിഷേധമാണുയരുന്നത്.
ഡിസംബർ 28നാണ് പെൺകുട്ടിയെ കാണാതായത്. ജനുവരി ആറിന് അഴുകിയ അവസ്ഥയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായതായി പരാതി നൽകിയിട്ടും പൊലീസ് കാര്യമായി എടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാൽ തികച്ചും വ്യത്യസ്തമായ നിലപാടാണു പൊലീസിന്റേത്. പെൺകുട്ടി 31ന് വീട്ടിലെത്തിയിരുന്നതായി അമ്മയും സഹോദരങ്ങളും മൊഴി നൽകിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് മിശ്ര പറഞ്ഞു. അന്നു രാത്രിയിൽ പെൺകുട്ടിയുടെ പിതാവ് പരിചയമുള്ള മറ്റൊരു യുവാവിനൊപ്പം രാത്രി പത്തിന് പുറത്തേക്കു വിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാൾ ആരോപണം നിഷേധിച്ചു. പ്രദേശത്തെ ക്രിമിനലുകളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന് ഫോൺ റെക്കോര്‍ഡുകൾ തെളിയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിക്കാനാവൂ.