കല്യാണ്‍ കവർച്ച: പിന്നിൽ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരൻ?; നിർണായക ദൃശ്യങ്ങൾ പുറത്ത്

kalyan-jewellers-robbery
SHARE

പാലക്കാട്∙ കോയമ്പത്തൂരില്‍ വച്ചു കല്യാണ്‍ ജ്വല്ലറിയുടെ ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം തട്ടിയെടുത്തതു ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെന്നു സൂചന. കൊള്ളസംഘത്തിലുണ്ടായിരുന്ന കോടലി ശ്രീധരന്റെ ഉറ്റ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തില്‍ തിരച്ചില്‍ തുടങ്ങി. കവര്‍ച്ചാസംഘത്തിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കു കോയമ്പത്തൂരിനും വാളയാറിനുമിടയില്‍ വച്ചാണു കല്യൺ ജ്വല്ലേഴ്സിന്റെ വാഹനം ആക്രമിച്ച് ഒരു കോടി വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയയെടുത്തത്. ചാവടി പെട്രോള്‍ പമ്പിനടുത്തായി ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചശേഷമാണു സ്വര്‍ണവും കാറും തട്ടിയെടുത്തത്. വാളയാറിലെ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കൊള്ള സംഘത്തെ കുറിച്ചു സൂചന കിട്ടി. ഹവാല, കുഴല്‍പണ കടത്ത് സംഘങ്ങളെ ആക്രമിച്ചു പണം തട്ടിയെടുക്കുന്ന കോടാലി ശ്രീധരന്റെ സംഘമാണു കൊള്ളയ്ക്കു പിന്നിലെന്നാണു സൂചന.

ശ്രീധരന്റെ സംഘത്തില്‍പെട്ട മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ഹവാല സംഘങ്ങളെ കാണിച്ചാണു ഷംസുദ്ദീനെ തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ എസ്പിയുടെ പ്രത്യേക സംഘം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടങ്ങി.

കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാർ മധുക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പന്‍കരയെന്ന സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങളും ഇവിടെയായിരുന്നു ഉപേക്ഷിച്ചിരുന്നത്. കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി സമാനമായ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണു കോടാലി ശ്രീധരന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA