മിഠായിത്തെരുവ് അക്രമം: ലുക്കൗട്ട് നോട്ടിസിറക്കി, പട്ടികയിൽ 11 പേർ; അറസ്റ്റിലായത് 31

കോഴിക്കോട്∙ ശബരിമല യുവതീപ്രവേശത്തിന്റെ പേരില്‍ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കി. ശബരിമല കര്‍മസമിതിയുടെ പ്രധാന നേതാക്കളുള്‍പ്പെടെ 11 പേര്‍ പട്ടികയിലുണ്ട്. 31 പേരെയാണ് ഇതുവരെ മിഠായിത്തെരുവിലെ ആക്രമണത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ ക്യാമറയില്‍പ്പെട്ടതിനു പുറമെ കടകളില്‍നിന്നു ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചാണു ലുക്കൗട്ട് നോട്ടിസ് തയാറാക്കിയത്. മിഠായിത്തെരുവിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിനു വീഴ്ചയുണ്ടായെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണു ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.