പി.സി.ജോർജിനു വീണ്ടും മനംമാറ്റം; ഇനി യുഡിഎഫ് പക്ഷത്തേക്ക്

കോട്ടയം ∙ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനു വീണ്ടും മനം മാറ്റം. ബിജെപിയെയും എൻഡിഎയെയും തള്ളിപ്പറഞ്ഞു. എൽഡിഎഫുമായി ഉള്ള സഹകരണം സ്വപ്നത്തിൽ പോലുമില്ല. പിന്നെയോ?  യുഡിഎഫുമായി സഹകരിക്കും. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നു ജനപക്ഷം സംസ്ഥാന സമിതി യോഗത്തിൽ ജോർജ് തുറന്നു പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുകൂലമായി സംസാരിച്ചതിനു പാർട്ടി ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനെ ഭാരവാഹിത്വത്തിൽനിന്നു മാറ്റി. യോഗം കഴിയുന്നതിനു മുൻപേ പ്രതാപൻ സംസ്ഥാന സമിതിയിൽനിന്ന് ഇറങ്ങിപ്പോയി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.

നിയമസഭയിൽ  ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു കഴിഞ്ഞ നവംബറിലാണ് ജോർജ് നിലപാട് വ്യക്തമാക്കിയത്. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേരില്ലെന്ന് അന്നും ആവർത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള മുൻകൈയെടുത്ത് ചർച്ചയും നടന്നു. ഒന്നരമാസം കഴിയുന്നതിനു മുൻപാണ് മനംമാറ്റം. കേരള ജനപക്ഷം സംഘടനയുടെ ചെയർമാനാണ് ജോർജ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളെ തോൽപിച്ചാണ് നിയമസഭയിൽ എത്തിയത്. കേരള കോൺഗ്രസ് നേതാവായി ഇടതു–വലതു മുന്നണികളിൽ പ്രവർത്തിച്ചു.

ജനപക്ഷം രൂപീകരിച്ച 2017 ഫെബ്രുവരിയിൽ പറഞ്ഞത്:  ‘നാടിനൊപ്പം, നേരിനൊപ്പം’ മുദ്രാവാക്യമാണ് ജനപക്ഷത്തിന്. ഒരു സംഘടനയാണ് ഇത്. ഭാവിയിൽ രാഷ്ട്രീയപ്പാർട്ടിയാകും. ഒരു മുന്നണിയുമായും ബന്ധമില്ല. നാലാം ശക്തിയാക്കുകയാണു ലക്ഷ്യം. ഭാവിയിലെ കാര്യം ഇപ്പോൾ പറയാനാകില്ല. സ്വതന്ത്രനായാണു നിയമസഭയിലേക്കു ജയിച്ചത്. അതിനാൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമായാൽ അയോഗ്യതയ്ക്കു വഴിവയ്ക്കും. അതിനാലാണ് ‘ജനപക്ഷ’ത്തെ രാഷ്ട്രീയപ്പാർട്ടിയായി റജിസ്റ്റർ ചെയ്യാത്തത്. അങ്ങനെ വന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടിവരും. അത് പൂഞ്ഞാറിലെ ജനങ്ങളോടുള്ള വഞ്ചനയായിരിക്കും’.

∙ നവംബറിൽ പറഞ്ഞത്: ‘കോൺഗ്രസും സിപിഎമ്മും ചേർന്നു ബിജെപിയെ തോൽപ്പിക്കുന്ന രീതിക്ക് ഇനി കേരളത്തിൽ പ്രസക്തിയില്ല.  ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയുടെ പാർട്ടിയെ അങ്ങനെ അപമാനിച്ചു മാറ്റിനിർത്തേണ്ട കാര്യമില്ല. ബിജെപി കുഴപ്പമാണെന്നു കരുതുന്നില്ല. ഹിന്ദുവർഗീയത വളർത്താൻ ശ്രമിക്കുന്ന പിണറായി വിജയനോളം വർഗീയവാദി വേറെയില്ല. ശബരിമല വിഷയത്തിൽ ബിജെപിയോട് സ്നേഹം കൂടുതലാണ്. 

പി.സി. ജോർജ് ഇപ്പോൾ പറയുന്നത്: ‘മതേതര ജനാധിപത്യ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാൻ ബിജെപിക്കാവുന്നില്ല. വിശ്വാസികളുടെ വിശ്വാസ സംരക്ഷ ണത്തിനു എൽഡിഎഫിനും കഴിയുന്നില്ല. പിന്നെ യുഡിഎഫാണ് പ്രവർത്തിക്കാൻ പറ്റിയ മേഖല. കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചു. ഭാവി പരിപാടികൾ പിന്നീട് പ്രഖ്യാപിക്കും.’