ന്യൂഡല്‍ഹി∙ നിയമസഭാ തിരിഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേശീയ വൈസ് പ്രസിഡന്റുമാരാക്കി ബിജെപി. രാജസ്ഥാൻ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ് സിങ് ചൗഹാന്‍, ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ് എന്നിവരെയാണു ബിജെപി കേന്ദ്രനേതൃത്വത്തിലേക്ക് എത്തിച്ചത്. അതേസമയം, ചൗഹാനും രമൺ സിങ്ങിനും കേന്ദ്ര നേതൃത്വത്തിന്റെ നടപടി ആശ്വാസമാണെങ്കിലും വസുന്ധര രാജെയ്ക്കു മുന്നറിയിപ്പാണ് ഈ നീക്കമെന്നാണു വിലയിരുത്തൽ.
രാജസ്ഥാനിലെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ദേശീയ ചുമതല ഏൽപ്പിച്ചതിലൂടെ ശക്തമായ സന്ദേശമാണ് പാർട്ടി നൽകുന്നത്. സംസ്ഥാനത്തെ കളികൾ അവസാനിപ്പിക്കില്ലെന്ന സൂചന രാജെ ദേശീയ നേതൃത്വത്തിനു നൽകിയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി മുൻനിരയിലുമാണ് രാജെ ഓടുന്നത്. ജനുവരി 15ന് നിയമസഭ ആരംഭിക്കുമെങ്കിലും ഇതുവരെ ബിജെപിക്ക് പ്രതിപക്ഷനേതാവിനെ കണ്ടെത്താനായിട്ടില്ല. എന്നാൽ പരാജയപ്പെട്ട സംസ്ഥാനങ്ങളിൽ മുൻമുഖ്യമന്ത്രിമാരെ പ്രതിപക്ഷ നേതാക്കൻമാരായി നിയമിക്കില്ലെന്നാണ് ബിജെപി ദേശീയനേതൃത്വത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായാണ് രാജെയെ പുതിയ പദവി നൽകി മാറ്റിയത്.
ഛത്തീസ്ഗഢിലെ പരാജയം മാത്രമേ മോദി ഉൾപ്പെടെയുള്ള ഉന്നതനേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നുള്ളൂ. മറ്റു രണ്ടു സംസ്ഥാനങ്ങളിലും ആഞ്ഞുപിടിച്ചാൽ വിജയം ഒപ്പം പോരുമെന്ന കണക്കുകൂട്ടലായിരുന്നു ഉണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢിലെ രാജ്നന്ദഗാവിൽനിന്നു രമൺ സിങ് മൽസരിച്ചേക്കുമെന്നാണു വിവരം. നിലവിൽ ഈ സീറ്റിൽ മകൻ അഭിഷേക് സിങ് ആണു മൽസരിക്കുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ കളി മതിയാക്കി ദേശീയ നേതൃനിരയിലേക്ക് ഉയരാനാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെയും ആഗ്രഹം. താൻ സംസ്ഥാനത്തുണ്ടാവുമെന്നും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അനുയായികളോടു പറഞ്ഞെങ്കിലും തിരിച്ചടി അദ്ദേഹത്തെ ക്ഷീണിപ്പിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദിഷ ലോക്സഭാ മണ്ഡലത്തിൽ അദ്ദേഹം മൽസരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ സുഷമ സ്വരാജ് ആണ് മണ്ഡലം പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയത്തിൽ തുടരുമെന്നും പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്നുമുള്ള നിലപാടിലാണ് അവർ.