കരാർ കാലാവധി കഴിഞ്ഞു; നിപ കാലത്തെ ‘രക്ഷകർക്കു’ ജോലി നഷ്ടം, പ്രതിഷേധം

nipah
SHARE

കോഴിക്കോട്∙ നിപ രോഗബാധയുണ്ടായപ്പോൾ മികച്ച സേവനം നടത്തി അഭിനന്ദനങ്ങൾ നേടിയ കോഴിക്കോട് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കു ജോലി നഷ്ടമായി. കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ജോലിയില്‍ തുടരേണ്ടതില്ലെന്നാണ് ഇവർക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ താൽക്കാലിക നിയമനം നേടിയവർക്കാണ് ഇപ്പോൾ ജോലി നഷ്ടമായിരിക്കുന്നത്.

ഇവർക്കു സ്ഥിരം നിയമനം നൽകാനാകുമോയെന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തേ പറഞ്ഞിരുന്നു. മേയ് മാസം മുതൽ 89 ദിവസത്തെ തൊഴിൽ കരാറാണ് ഇവരുമായി ഉണ്ടാക്കിയിരുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്പറിന്റണ്ടന്റ് സജീഷ് കുമാർ വ്യക്തമാക്കി. നിപ കാലത്തെ ഇവരുടെ സേവനം കൂടി കണക്കിലെടുത്താണ് കരാർ 89 ദിവസം കൂടി നീട്ടിയത്. പിന്നീട് 60 ദിവസം കൂടി കരാർ നീട്ടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ജില്ലാ കലക്ടർ എസ്. സാംബശിവ റാവുവിനു പരാതി നൽകിയിരുന്നു. വ്യാഴാഴ്ച കോളജിലെ വിദ്യാർഥികളും തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോളജ് ഗേറ്റിന് മുന്നിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. പനി വാർഡിൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന് പത്രവാർത്ത കണ്ടാണു തങ്ങൾ ജോലിക്കായി അപേക്ഷിച്ചതെന്നു കരാർ തൊഴിലാളികൾ പറഞ്ഞു. നിപ ബാധ ഭയന്നു സ്ഥിരം ജീവനക്കാർ കൂട്ട അവധിയെടുത്തതിനാൽ 36 പേരെയാണു ജോലിക്കു തിരഞ്ഞെടുത്തത്. നാല് നഴ്സുമാർ, അഞ്ച് നഴ്സിങ് അസിസ്റ്റന്റുമാർ, മൂന്ന് ശുചീകരണ തൊഴിലാളികൾ എന്നിവരും അവധിയെടുത്തവരിൽ പെടും. 

ജീവനക്കാരുടെ കുറവു നേരിടുന്നതിനാൽ രേഖകൾ പോലും പരിശോധിക്കാതെയാണു നിയമനങ്ങൾ നടന്നതെന്നു താൽക്കാലിക ജീവനക്കാരുടെ സംഘടനാ കൺവീനർ ടി. മിനി പ്രതികരിച്ചു. നിപ ബാധയ്ക്കു ശേഷവും ഇത്തരം നിയമന നീക്കങ്ങൾ നടന്നിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് അതു നടന്നില്ല. പ്രധാനപ്പെട്ട സമയത്തു ഞങ്ങൾ നടത്തിയ സേവനം പരിഗണിക്കാതിരിക്കുന്നത് അനീതിയാണ്. ലോകം ഞങ്ങളെ ഹീറോസെന്നാണു വിളിക്കുന്നത്, പക്ഷേ ഞങ്ങളുടെ ജോലിക്കു പോലും സുരക്ഷയില്ല– അവർ പറഞ്ഞു.

സ്ഥിരനിയമനം നൽകാനുള്ള അധികാരം തനിക്കില്ലെന്നാണ് ആശുപത്രി സൂപ്പറിന്റണ്ടന്റിന്റെ വാദം. പക്ഷേ ഇനിയൊരു കരാർ നിയമനം നടക്കുമ്പോൾ അതിലെ 20 ശതമാനം ഇവർക്ക് അനുവദിക്കാമെന്നും അദ്ദേഹം പറയുന്നു. ജനുവരി മുതല്‍ മാർച്ച് വരെയുള്ള ലിസ്റ്റ് തയാറാക്കുമ്പോൾ ഒരു താൽക്കാലിക ജീവനക്കാരി മാത്രമാണു എന്നെ സമീപിച്ചത്. അവർക്ക് അടുത്ത തവണയും ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA