ബെംഗളൂരു∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ദൗത്യം വിജയകരമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കേന്ദ്രസര്‍ക്കാര്‍ ഗഗന്‍യാന്‍ ദൗത്യത്തിനായി 10,000കോടി രൂപ കേന്ദ്രം അനുവദിച്ചുകഴിഞ്ഞു. മൂന്നു പേരടങ്ങുന്ന സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇവര്‍ ഏഴു ദിവസം ബഹിരാകാശത്തു ചെലവഴിക്കും.
പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് ഇറക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. മനുഷ്യരില്ലാതെ 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ നടത്തും. ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നല്‍കും. വനിതകളും സംഘത്തിലുണ്ടാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണവാഹനമാകും ഐഎസ്ആര്‍ഒ ഉപയോഗിക്കുക. 'വ്യോം' എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ബഹിരാകാശം എന്നായതിനാല്‍ യാത്രികര്‍ വ്യോമോനോട്ട് എന്നാവും അറിയപ്പെടുക. ഗഗന്‍യാന്‍ ദൗത്യത്തിനു വേണ്ടി റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്. മനുഷ്യനെ എത്തിക്കാനുള്ള പേടകത്തിന്റെ സാങ്കേതികവിദ്യക്കായി ഇതുവരെ 173 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്.
പേടകം ബഹിരാകാശത്ത് എത്തിച്ച ശേഷം തിരിച്ചെത്തിക്കുന്ന ദൗത്യം 2007-ല്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. 550 കിലോ ഭാരമുള്ള സാറ്റലൈറ്റ് ബഹിരാകാശത്ത് എത്തിച്ച ശേഷം സുരക്ഷിതമായി തിരകെ ഭൂമിയില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കുമെന്നും കെ. ശിവന്‍ പറഞ്ഞു.