തിരുവനന്തപുരം∙ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ ഉടനടി അറസ്റ്റു ചെയ്ത് കയ്യടി നേടിയ കേരള പൊലീസ് രണ്ടു ദിവസത്തെ പൊതുപണിമുടക്കിൽ അക്രമം നടത്തിയവരെ കണ്ടില്ലെന്നു നടിക്കുന്നു.
ഹര്‍ത്താലിന് അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകരുടെ ജില്ലാതലത്തിലുള്ള കണക്കുകള്‍ വരെ പുറത്തുവിട്ട പൊലീസ് പൊതുപണിമുടക്കിന് അക്രമം നടത്തിയവരുടെ കണക്കുകള്‍ ശേഖരിക്കാൻ വേണ്ട ഊർജം കാട്ടുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
നിലയ്ക്കലിലും മറ്റും അക്രമം നടത്തിയവരുടെ ഫോട്ടോ ആല്‍ബം വരെ തയാറാക്കി കുറ്റമറ്റ രീതിയിൽ നടപടി സ്വീകരിച്ച പൊലീസ്, പണിമുടക്കിലെ അക്രമ സംഭവങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതികളായതോടെ ഫോട്ടോ ആല്‍ബം പോലും തയ്യാറാക്കാതെ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.
ഹര്‍ത്താല്‍ദിനത്തിലെ അക്രമികളുടെ ജില്ലാതലത്തിലുള്ള വിവരം ശേഖരിച്ചിട്ടുണ്ടെങ്കിലും പൊതുപണിമുടക്കില്‍ അക്രമം കാട്ടിയവരുടെ ക്രോഡീകരിച്ച വിവരം ശേഖരിച്ചിട്ടില്ലെന്ന് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കി.
പൊലീസ് അവസാനമായി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഹര്‍ത്താല്‍ അക്രമങ്ങളില്‍ 2,187 കേസുകളിലായി 6,914 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍, പൊതുപണിമുടക്കിന്റെ പേരിൽ അക്രമം കാട്ടിയവരെക്കുറിച്ച് വിവരമില്ല.
ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി 8,9 തീയതികളില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിനു തലേദിവസം ഡിജിപി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സമരം നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കാനാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
പണിമുടക്കില്‍ അക്രമം നടത്തുന്നവരെ ഉടനെ അറസ്റ്റു ചെയ്യുമെന്നും ഇവര്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരരംഗത്തുള്ളതിനാല്‍ ഡിജിപിയുടെ നിര്‍ദേശം പാലിക്കപ്പെട്ടില്ല.
ഹര്‍ത്താല്‍ നാശനഷ്ടങ്ങള്‍ക്ക് കഠിനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ച ദിവസം തന്നെ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ പണിമുടക്കിന്റെ പേരില്‍ അരങ്ങേറി.
പണിമുടക്ക് ദിനങ്ങളിലെ അക്രമ സംഭവങ്ങളില്‍ ഉന്നത നേതാക്കള്‍ പ്രതികളായതോടെ കൊടിയുടെ നിറം മറന്ന് ഒത്തുതീര്‍പ്പിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. സിപിഎം നേതാക്കള്‍ പ്രതികളായ കേസുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളിലും വിട്ടുവീഴ്ച ചെയ്യാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.
പൊതുമുതല്‍ നശിപ്പിച്ചതിനും ട്രെയിൻ തടഞ്ഞതിനും സിപിഎം നേതാക്കള്‍ക്കെതിരെ റയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഉൾപ്പെടെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ റിമാന്‍ഡിലായാല്‍ സര്‍ക്കാര്‍ ജോലിയുള്ള നേതാക്കളുടെ ജോലിയെ ബാധിക്കും. ട്രെയിൻ തടഞ്ഞതിനു ശിക്ഷ ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.
പൊതുപണിമുടക്ക് ദിവസം ട്രെയിൻ തടഞ്ഞതിനു സംയുക്ത സമരസമിതി കണ്‍വീനര്‍ വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികംപേര്‍ പ്രതികളാണ്. സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന എസ്ബിഐ മെയിന്‍ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ എന്‍ജിഒ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മറ്റി അംഗം സുരേഷ് കുമാര്‍ എന്നിവര്‍ പ്രതികളാണ്.
ട്രെയിന്‍ തടഞ്ഞതിന് തിരുവനന്തപുരം ഡിവിഷനില്‍ 32 കേസുകളാണ് റെയില്‍വേ സുരക്ഷാ സേന റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രെയിൻ തടഞ്ഞാല്‍ റെയില്‍വേ ആക്ട് 174 എ അനുസരിച്ച് രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ.
റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയാല്‍ റെയില്‍വേ ആക്ട് 146 അനുസരിച്ച് ആറുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. സ്റ്റേഷനുള്ളില്‍ അതിക്രമിച്ച് കയറിയാല്‍ റെയില്‍വേ ആക്ട് 147 അനുസരിച്ച് ആറുമാസം തടവും 1,000രൂപ പിഴയും ശിക്ഷ ലഭിക്കും.
കേസുകളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് തിരുവനന്തപുരം ഡിവിഷന്‍. കേസുമായി മുന്നോട്ടുപോകുമെന്നും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എച്ച്.കെ.സിന്‍ഹ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
പണിമുടക്ക് ദിവസം ട്രെയിന്‍ തടയല്‍ മാത്രമാണ് ഉണ്ടായത്. അക്രമം നടന്നിട്ടില്ല. ഇക്കാരണത്താല്‍ നഷ്ടത്തിന്റെ കണക്ക് റെയില്‍വേ തയാറാക്കിയിട്ടില്ല. റെയില്‍വേ ആക്ട് അനുസരിച്ച് ചാര്‍ജ് ചെയ്ത കേസുകളില്‍ കോടതിയാണ് ശിക്ഷ നല്‍കേണ്ടതെന്നും സിന്‍ഹ പറഞ്ഞു.
സമരത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാനായി വിഡിയോകളും ഫോട്ടോകളും റെയില്‍വേ സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കും. നിയമ നടപടികള്‍ വര്‍ഷങ്ങള്‍ നീളുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ചതിനു പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കുന്നതായും സിപിഎം പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതായും യൂണിയന്‍ നേതാക്കള്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്.സുരേഷ് കുമാര്‍ എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇരുവരും ചരക്കു സേവന നികുതി വകുപ്പില്‍ ഉദ്യോഗസ്ഥരാണ്. ബാങ്കിന് പൈസ നല്‍കി കേസ് ഒത്തുതീര്‍പ്പാകുന്നതുവരെ അറസ്റ്റു വേണ്ടെന്ന നിര്‍ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജില്ലാ ട്രഷറി ഓഫിസിലെ ക്ലാര്‍ക്കും യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ. അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി.ഹരിലാല്‍ എന്നിവര്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തു.
ട്രഷറി ഡയറക്ട്രേറ്റിലെ ജീവനക്കാരനായ ശ്രീവല്‍സന്‍, സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ അനില്‍കുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബിജുരാജ് എന്നിവര്‍ അക്രമ സംഭവങ്ങളില്‍ പങ്കാളികളായതായി പൊലീസ് തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന 15പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.