കശ്മീരിലെ സ്ഫോടനം: നൗഷേറയിൽ വീരമൃത്യു വരിച്ചത് മലയാളി മേജർ

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നൗഷേറയിൽ നിയന്ത്രണരേഖയ്ക്കു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജർ ശശിധരൻ വി.നായരാണ്(33) സ്ഫോടനത്തിൽ  കൊല്ലപ്പെട്ടത്. 2/11 ഗൂർഖാ റൈഫിൾസിൽ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് മേജർ ശശിധരൻ വി. നായരും ഒപ്പമുണ്ടായിരുന്ന റൈഫിൾമാൻ ജിവാൻ ഗുറാങ്ങും വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്ഫോടനമെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്ഫോടനത്തിൽ പരുക്കേറ്റ മറ്റു രണ്ടു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

രജൗരിക്കു സമീപം സുന്ദർബനി സെക്ടറിൽ ഇന്നലെ തുടർച്ചയായ നാലാം ദിനവും പാക്കിസ്ഥാന‍് വെടിനിർത്തൽ കരാർ ലംഘിച്ചു. പാക്കിസ്ഥാൻ സേനയുടെ വെടിവയ്പ്പിൽ ആർമി പോർട്ടർ ഹേംരാജ് എന്നയാൾ കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ് ലഫ്.കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.