വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടു നടന്നില്ലെങ്കിൽ ബിജെപിയെ പുറത്താക്കും: മായാവതി, അഖിലേഷ്

akhilesh-yadav-mayawati
SHARE

ലക്നൗ ∙ സമാജ്‌വാദി പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരുപോലെയാണ്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും കോൺഗ്രസ് അധികാരത്തിലേറിയിരുന്നു. ഇതോടെ അഴിമതി വ്യാപകമായി. പ്രതിരോധ രംഗത്ത് ഇരുപാർട്ടികളും അഴിമതി കാണിച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

ബൊഫോഴ്സിലാണു കോൺഗ്രസിനു ഭരണം നഷ്ടമായതെങ്കിൽ ബിജെപിക്ക് അതുസംഭവിക്കുക റഫാലിനെ തുടർന്നായിരിക്കും. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു ബിജെപി ഭരണത്തിൽ നിലനിൽക്കുന്നത്. കോൺഗ്രസ് ഭരണത്തിൽ പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു. കോൺഗ്രസിനൊപ്പം സഖ്യത്തിലേർ‌പ്പെട്ടപ്പോൾ ‍ഞങ്ങൾക്കുണ്ടായ അനുഭവം അത്ര നല്ലതായിരുന്നില്ല. ഞങ്ങളുടെ വോട്ടുകൾ കോൺഗ്രസിലേക്കല്ല, മറ്റു പാർട്ടികളിലേക്കാണു പോയത്.

കോൺഗ്രസിനു ‍ഞങ്ങളിൽനിന്ന് നേട്ടമുണ്ടായപ്പോൾ ഞങ്ങളുടെ വോട്ടുശതമാനത്തിൽ കുറവുണ്ടായി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കു ഭരണം നഷ്ടമായതുപോലും കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടതിനാലാണ്. അടുത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഇനി രാജ്യത്ത് ഒരിടത്തുപോലും കോൺഗ്രസുമായി സഖ്യത്തിലേർപ്പെടില്ല.

മുൻ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചപ്പോൾ എസ്പിയും ബിഎസ്പിയും ഒന്നിച്ചുവന്നിടത്തൊക്കെ വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുന്നതായി കണ്ടെത്തി. ഇതോടെ സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു. വോട്ടിങ് മെഷീനുകളിൽ ക്രമക്കേടു നടത്തിയില്ലെങ്കിൽ കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

തിരഞ്ഞെടുപ്പിലെ സീറ്റുവിഹിതത്തിന്റെ കാര്യത്തിലും ഇരുപാർട്ടികളും തമ്മിൽ തീരുമാനത്തിലെത്തിയിട്ടുണ്ട്. ബിഎസ്പിയും എസ്പിയും 38 വീതം സീറ്റുകളിൽ മൽസരിക്കും. അമേഠിയിലെയും റായ്ബറേലിയിലെയും സീറ്റുകൾ ഒഴിച്ചിടും. അഖിലേഷ് യാദവിന്റെ പിതൃസഹോദരൻ ശിവ്പാൽ യാദവിന്റെ പാർട്ടിയും മറ്റു പല പാർട്ടികളും ബിജെപിയുടെ പിന്തുണയോടെയാണു പ്രവർത്തിക്കുന്നതെന്നും മായാവതി പറഞ്ഞു.

ദൈവങ്ങൾക്കും ജാതി കൽപ്പിക്കപ്പെടുന്നു

ബിജെപിയല്ല, ജാതിയാണു രാജ്യത്തെ ഭരിക്കുന്നതെന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ദൈവങ്ങളെപ്പോലും ജാതിയിൽനിന്ന് ബിജെപി മോചിപ്പിച്ചിട്ടില്ല. അപകടത്തിൽപ്പെടുന്നവരോടു പോലും ആദ്യം ജാതിയാണ് ചോദിക്കുന്നത്. ബിജെപിയുടെ ദുർഭരണം അവസാനിപ്പിക്കുകയാണു എസ്പി – ബിഎസ്പി സഖ്യത്തിന്റെ ലക്ഷ്യം.

മായാവതിയെക്കുറിച്ച് ബിജെപി നേതാക്കൾ മോശം പരാമർശം നടത്തിയ അന്നുമുതൽ ഇത്തരമൊരു സഖ്യം മനസ്സിലുണ്ടായിരുന്നു. അവരെ ശിക്ഷിക്കുന്നതിനുപകരം മന്ത്രിമാരാക്കുകയാണ് ബിജെപി ചെയ്തത്. എസ്പി പ്രവർത്തകർ അറിയേണ്ട ഒന്നുണ്ട്, മായാവതിക്കെതിരായ ഏതൊരു മോശം പെരുമാറ്റവും ഇനി മുതൽ എന്റേതു കൂടെയാണ്. സഖ്യം തകർക്കാൻ ബിജെപി എന്തു നടപടിയും സ്വീകരിക്കാം. പക്ഷേ നമ്മൾ ജാഗരൂകരായിരിക്കണം– അഖിലേഷ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA