ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിനെ അവഗണിച്ച് ഒന്നിച്ചു മൽസരിക്കാൻ എസ്പി – ബിഎസ്പി തീരുമാനം. ലക്നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മായാവതിയും (ബിഎസ്പി) അഖിലേഷ് യാദവും (എസ്പി) സഖ്യം പ്രഖ്യാപിച്ചത്.
യുപിയിൽ എസ്പിയും ബിഎസ്പിയും 38 സീറ്റിൽ വീതം മൽസരിക്കും. രണ്ടു സീറ്റുകൾ ഒഴിച്ചിടും. ഇവ ആർഎൽഡിക്കു നൽകാനാണു സാധ്യത. രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരും.
ബിജെപിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയാണെന്ന് മായാവതി പറഞ്ഞു. കോൺഗ്രസ് അഴിമതിക്കാരാണ്. അവരുമായി സഖ്യമുണ്ടാക്കിയാൽ നഷ്ടമേ ഉണ്ടാകൂ. കോൺഗ്രസിന്റെ വോട്ടു പൂർണമായി സഖ്യത്തിനു ലഭിക്കില്ലെന്നതാണ് അനുഭവം. – കോൺഗ്രസിനെ ഒഴിവാക്കിയതിന് മായാവതിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു.
കോൺഗ്രസും ബിജെപിയും അഴിമതി പാർട്ടികളാണെന്ന് ഇരു നേതാക്കളും ആരോപിച്ചു. യുപിയിൽ ബിജെപിയെ തോൽപിച്ച് മോദിക്കു കേന്ദ്രത്തിൽ തടയിടുമെന്നും ഇരുവരും പറഞ്ഞു.