തേനഭിഷേകം നടത്തിയിരുന്നത് അരയ സമുദായം; ആചാരലംഘനം ഉണ്ടായി: ദേവസ്വം ബോർഡ്

ശബരിമല∙ ശബരിമലയിൽ ഒട്ടേറെ ആചാര ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. അരയ സമുദായമാണു തേനഭിഷേകം നടത്തിയിരുന്നത് എന്നാണു പറച്ചിൽ. അതു മാറി. ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാർ മല ചവിട്ടിയിരുന്നത്. ആ ഭസ്മക്കുളം മൂടി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ടു മൂടി. കാനന ക്ഷേത്രമായ ശബരിമലയിൽ ഇത്രയധികം കെട്ടിടങ്ങൾ എങ്ങനെയുണ്ടായി. ഇങ്ങനെ സംഭവങ്ങളുണ്ട്. ആചാരം ഏത്, ആചാര വിരുദ്ധം ഏത് എന്നീക്കാര്യത്തിൽ ചർച്ച വേണം.

യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോർഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാര അനുഷ്ഠാനങ്ങൾക്ക് ഒപ്പമാണു ബോർഡ്. ബോർഡിന്റെ നിലപാടിൽ മാറ്റമില്ല. യുവതീപ്രവേശത്തിൽ കോടതി വിധി വരട്ടെ.

തന്നെ കോൺഗ്രസിലേക്കു ക്ഷണിച്ച കെ. മുരളീധരൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണം. രാമൻ നായരെ പോലും നേരെ നോക്കാൻ സാധിക്കാത്ത പാർട്ടിയാണത്. മുന്നണിയും പാർട്ടിയും മാറി മാറിപ്പോകുന്നവർക്ക് തന്റെ നിലപാട് മനസിലാകില്ലെന്നും പത്മകുമാർ പറഞ്ഞു.

പമ്പ - നിലയ്ക്കൽ റൂട്ടിൽ തീർഥാടകർക്കു സൗജന്യ സർവീസ് ഒരുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി മോഡൽ സർവീസിനാണു ശ്രമം. ഗതാഗത സെക്രട്ടറി അടക്കമുള്ളവരുടെ പരിഗണനയിലേക്ക് ഈ നിർദേശം വിടുകയാണ്. സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർ ബസുകൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ നഷ്ടത്തെക്കുറിച്ചല്ല ഭക്തരുടെ ലാഭത്തെക്കുറിച്ചാണു ചിന്ത.

ക്രമീകരണങ്ങൾ മുന്നോട്ടു പോയാൽ വിഷുവിന് ഇതു നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. നിലവിൽ കെഎസ്ആർടിസിയാണു പ്രത്യേക ചാർജ് ഈടാക്കി പമ്പ - നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്നത്.