തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശത്തിനു പിന്നാലെ സംസ്ഥാനത്തുണ്ടായത് ആസൂത്രിത സംഘര്‍ഷമെന്നു സര്‍ക്കാര്‍ ആരോപിക്കുമ്പോഴും അറസ്റ്റ് നടപടികള്‍ സാധാരണ പ്രവര്‍ത്തകരിലൊതുങ്ങുന്നു. സംഘര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാത്തതിനാല്‍ പ്രാദേശിക നേതാക്കള്‍ പോലും സുരക്ഷിതരാണ്. ആദ്യത്തെ ആവേശം കഴിഞ്ഞതോടെ അറസ്റ്റിന്‍റെ വേഗവും കുറഞ്ഞു. അതിനിടെ, രണ്ട് ആഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
ശബരിമലയിലെ യുവതിപ്രവേശത്തിനു പിന്നാലെയാണു ഹര്‍ത്താലും വ്യാപക അക്രമവും അരങ്ങേറിയത്. പലയിടത്തും ആര്‍എസ്എസും സിപിഎമ്മും ഏറ്റുമുട്ടിയതു കലാപ സമാന അവസ്ഥ സൃഷ്ടിച്ചു. സംഘര്‍ഷമൊഴിഞ്ഞു സമാധാനം വീണ്ടെടുത്തതോടെ മുഴുവന്‍ അക്രമികളെയും പിടിക്കാനായി തുടങ്ങിയ പൊലീസ് നടപടികള്‍ ഇഴഞ്ഞു തുടങ്ങിയിരിക്കുകയാണ്.
നെടുമങ്ങാട് ബോംബെറിഞ്ഞു സംഘര്‍ഷം സൃഷ്ടിച്ച ആര്‍എസ്എസ് നേതാവ് പ്രവീണും കൂട്ടാളികളും ഇപ്പോഴും ഒളിവിലാണ്. പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ കൊലപ്പെടുത്തിയ കേസിലെ 10 ഡിവൈഎഫ്ഐക്കാരില്‍ അഞ്ചു പേരെ ഇനിയും പിടിച്ചിട്ടില്ല. സംഘഷ കേസുകളുടെ അവസ്ഥ എന്താണെന്നു വ്യക്തമാക്കുന്നതാണ് ഈ രണ്ട് ഉദാഹരണങ്ങളും. ആകെ 38,000 പ്രതികളുണ്ടെന്നു കണ്ടെത്തിയെങ്കിലും ഇതുവരെ അറസ്റ്റിലായത് 14,500 പേരാണ്. ആദ്യദിനങ്ങളില്‍ പ്രതിദിനം ആയിരത്തോളം പേരെ പിടിച്ചെങ്കില്‍ ഇപ്പോള്‍ മുന്നൂറില്‍ താഴെ മാത്രമാണ് അറസ്റ്റ്.
അതും പ്രവര്‍ത്തകരില്‍ ഒതുങ്ങുകയും ചെയ്യുന്നു. ബിജെപിയുടെ ഏതാനും നിയോജക മണ്ഡലം ഭാരവാഹികളും സിപിഎമ്മിന്റെ ചില ബ്രാഞ്ച് ഭാരവാഹികളുമാണു പിടിയിലായതില്‍ നേതാക്കളെന്നു പറയാവുന്നത്. ആക്രമണത്തില്‍ നേതാക്കള്‍ നേരിട്ടു പങ്കെടുത്തതിനു തെളിവില്ലെന്നതാണു പൊലീസിന്റെ വിശദീകരണം. എന്നാല്‍ ആസൂത്രിതമെന്നു പറയുന്ന സംഘര്‍ഷത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും നേതാക്കള്‍ക്കു രക്ഷയാകുന്നു.