ജഡ്ജിമാർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി∙ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കഴിഞ്ഞവര്‍ഷം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര പരിഹാരമായിട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വിഷയത്തിൽ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായി ഇടപെടണം. കോടതികള്‍ നിഷ്പക്ഷമായും വസ്തുതാപരമായും നിലപാടെടുക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ്മേക്കര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെയാണ് 2018 ജനുവരിയിൽ നാലു സുപ്രീംകോടതി ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്. പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ചാണു ജഡ്‌ജിമാർ മുഖ്യവിമർശനമുന്നയിച്ചത്. ഇക്കാര്യത്തിൽ നാലുപേരും ചേർന്നു രണ്ടുമാസം മുൻപു ചീഫ് ജസ്‌റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്‌ജിമാർ പരസ്യപ്പെടുത്തിയിരുന്നു. ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണു അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയത്.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണം സംബന്ധിച്ച കേസാണു ജഡ്ജിമാരുടെ വിരോധം പുറത്താക്കിയത്. അന്ന് ദീപക് മിശ്രയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച രഞ്ജൻ ഗൊഗോയ് ആണ് നിലവിൽ ചീഫ് ജസ്റ്റിസ്. ഈവർഷം നവംബർ 17 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.