ന്യൂഡൽഹി∙ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) 2016 ഫെബ്രുവരിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. വിദ്യാർഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. 1200 പേജുള്ള കുറ്റപത്രം ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് സമർപ്പിച്ചത്. 2016 ഫെബ്രുവരി 9ന് ജെഎൻയുവിലെ സബർമതി ധാബയിൽ കൂടിയ വിദ്യാർഥികൾക്കിടയിൽ ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നാണ് ആരോപണം.
കനയ്യ, ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ സൂത്രധാരൻ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെഎൻയു ക്യാംപസിൽ നടന്ന പരിപാടിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നാണ് ആരോപണം. പരിപാടി സംഘടിപ്പിച്ചവരെന്ന നിലയിലാണ് ഇവർ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
സിപിഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത രാജ, അഖ്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റായീയ റാസോൾ, ബഷീർ ഭട്ട്, ഭഷാറത്ത്, ഷെഹല റഷീദ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
എബിവിപിയുടെയും ബിജെപി എംപി മഹേഷ് ഗിരിയുടെയും പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസിലെ സ്പെഷൽ സെൽ ആണ് കേസ് അന്വേഷിച്ചിരുന്നത്. ഡൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം ഫയൽ ചെയ്യുക.