ന്യൂഡൽഹി∙ രാജ്യത്തെ ഏതു കംപ്യൂട്ടറും ആവശ്യമെങ്കിൽ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിയതിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. സംഭവത്തിൽ വിശദീകരണം തേടിയ കോടതി, ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 20ന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മനോഹർ ലാൽ ശർമയാണ് കോടതി സമീപിച്ചത്.
രഹസ്യാന്വേഷണ ബ്യൂറോ, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മു കശ്മീർ, വടക്കു–കിഴക്കൻ മേഖല, അസം), ഡൽഹി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്കാണ് ഈ അധികാരം നൽകിയത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവു പുറത്തിറക്കിയത്.
ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജൻസികൾക്കു നൽകുന്നത്. മുൻപ് മറ്റുള്ളവർക്ക് അയയ്ക്കുന്ന ഡേറ്റ പരിശോധിക്കാൻ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഇതോടെ, ഫോൺ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറിൽ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജൻസികൾക്കു പരിശോധിക്കാം. വേണമെങ്കിൽ ഈ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യാം.
രഹസ്യാന്വേഷണ വിഭാഗത്തിനു ഉപകരണങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നൽകിയിട്ടില്ലായിരുന്നു. അവർ സംസ്ഥാന പൊലീസ് സേനയുമായി ചേർന്നാണു പ്രവർത്തിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതിൽ മാറ്റം വന്നുവെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കിൽ ഏഴുവർഷം വരെ തടവോ പിഴയോ ലഭിക്കും.
ഐടി ആക്ട് 2000ന്റെ കീഴിൽ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജൻസികൾക്കു വിപുലമായ അധികാരം നൽകിയത്. കംപ്യൂട്ടറുകളിൽനിന്നുള്ള വിവരങ്ങൾ പിടിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ ഉത്തരവ്. നേരത്തെ ആഭ്യന്തര സെക്രട്ടറിയുടെ അനുവാദം വാങ്ങി സർക്കാർ ഏജൻസികൾക്കു വ്യക്തികളുടെ ടെലിഫോൺ കോൾ നിരീക്ഷിക്കാൻ അധികാരം കൊടുത്തിരുന്നു. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കാനായി 2011ലും ഉത്തരവിൽ ഭേദഗതി വരുത്തിയിരുന്നു.