കുഴി സ്വയം കുത്തി കോൺഗ്രസ്, അവസരമറിഞ്ഞു ബിജെപി; ചാക്കിടൽ രാഷ്ട്രീയത്തിൽ കർണാടക

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയാകുന്ന കാഴ്ചയാണു അയൽ സംസ്ഥാനമായ കർണാടക നൽകുന്നത്. അവിടെ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കുന്നു. ഭരണ അസ്ഥിരതയ്ക്കുള്ള സാധ്യത പിന്നെയും തെളിയുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ എട്ടു മാസം പിന്നിടുന്ന ജനതാദൾ (എസ്)–കോൺഗ്രസ് സഖ്യ സർക്കാരിന്റെ നിലനിൽപിനു ഭീഷണിയായി ചാക്കിടൽ രാഷ്ട്രീയത്തിനു വീണ്ടും വേദിയുണർന്നിരിക്കുന്നു. കുഞ്ഞുങ്ങളെ കാക്കുന്ന തള്ളക്കോഴിയെ പോലെ രാഷ്ട്രീയകക്ഷി മേധാവികൾ സ്വന്തം എംഎൽഎമാരെ ചിറകുകളിലൊതുക്കുന്നു. ആരും റാഞ്ചാതിരിക്കാൻ.

രണ്ടു കക്ഷിരഹിതർ, അതും അതിൽ ഒരു മന്ത്രിതന്നെ, പിന്തുണ പിൻവലിച്ചതോടെ ചാക്കിടൽ രാഷ്ട്രീയ നാടകം കൊഴുക്കുകയാണു കർണാടകയിൽ. എന്നാൽ, റാഞ്ചലിനു തുടക്കമായതായാണു കർണാടക നൽകുന്ന സൂചനകൾ. കോൺഗ്രസ് എംഎൽഎമാരിൽ എല്ലാവരും ക്യാംപിൽ ഉണ്ടെന്ന് ഉറപ്പു പറയാൻ അവരുടെ നേതാക്കൾക്കാകുന്നില്ല. ചിലരെ കാണാതായതായി നേതാക്കൾ സമ്മതിക്കുകയും ചെയ്യുന്നു. ദൾ–കോൺഗ്രസ് സഖ്യത്തിനു നിയമസഭയിൽ ഇപ്പോഴും കേവല ഭൂരിപക്ഷമുണ്ടെന്നും അഞ്ചു വർഷം ഈ സഖ്യം തികച്ചും ഭരിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവർത്തിക്കുന്നുണ്ട്.

ഓപ്പറേഷൻ താമര വീണ്ടും വരുന്നു

അധികാരമാണു ജനാധിപത്യത്തിൽ ആത്യന്തികമെന്ന എഴുതാനിയമത്തെ സാധൂകരിക്കുകയാണ് ഓരോ സംസ്ഥാനത്തും അവരവരുടെ സൗകര്യമനുസരിച്ചു രാഷ്ട്രീയ കക്ഷികൾ. അതു ബിജെപി പല സംസ്ഥാനങ്ങളിലും എംഎൽഎമാരെ ചാക്കിടൽ പദ്ധതിയായ ‘ഓപ്പറേഷൻ താമര’ വഴി കാണിച്ചുതന്നിട്ടുണ്ട്. ഒരുകാലത്തു കർണാടകയിൽതന്നെയാണ് അതിനു തുടക്കമിട്ടതും. ഇപ്പോഴിതാ അതു വീണ്ടുമൊരിക്കൽകൂടി കടന്നുവരുന്നു.

ഇത്തവണയും അതിന്റെ സൂത്രധാരനും പ്രായോജകനുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെഡിയൂരപ്പ രംഗത്തുണ്ട്. അധികാരം കൈവിട്ടു കഴിയുന്നതിന്റെ ഇടവേള ഒരു പൂർണ ഭരണകാലയളവിലധികം നീളുന്നതു താങ്ങാനാകുന്നില്ല മറ്റു നേതാക്കളെപ്പോലെ അദ്ദേഹത്തിനും. ഇത്തവണയാകട്ടെ, മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ചു തന്റെ ‘പരമ്പരാഗത എതിരാളിയായ’ എച്ച്.എൻ. അനന്ത്കുമാർ ഇല്ലെന്നതും ബലമാണു യെഡിയൂരപ്പയ്ക്ക്. എന്നാൽ, ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെ പിൻബലമായ ബി.ശ്രീരാമുലു രംഗത്തുണ്ട്. റിസോർട്ട് രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരിൽ പ്രധാനിയായി അദ്ദേഹവും രംഗത്തുണ്ട്.

രണ്ടും കൽപിച്ച് ബിജെപി

ഓപ്പറേഷൻ താമരയല്ല ലക്ഷ്യമെന്നു പറയാൻ ബിജെപിക്കു കഴിയില്ല. അതിനു തെളിവ് അവർതന്നെ നൽകിക്കഴിഞ്ഞു. തങ്ങളുടെ 106 എംഎൽഎമാരിൽ നൂറിലേറെ പേരെയും അവർ മുംബൈയിലെ റിസോർട്ടിലേക്ക് എത്തിച്ചുകഴിഞ്ഞു. എന്തെങ്കിലും ഉദ്ദേശ്യമില്ലെങ്കിൽ അങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നതാണു ചോദ്യം. മറ്റുള്ളവരെ ചാക്കിടുമ്പോൾ സ്വന്തം പക്ഷം സുരക്ഷിതമാക്കുകയെന്ന മുൻകരുതൽ സ്വീകരിച്ചു കഴിഞ്ഞു രാജ്യം ഭരിക്കുന്ന കക്ഷി.

സിദ്ധരാമയ്യ, യെഡിയൂരപ്പ, ദേവെഗൗഡ

ലോക്സഭാ തിരഞ്ഞെടുപ്പിനു പോകുന്നതിനു തൊട്ടുമുൻപു ദക്ഷിണേന്ത്യയിലും വേണ്ടേ ഒരു ഭരണമെന്നു ബിജെപി ദേശീയ നേതാക്കൾക്കു തോന്നുന്നതു സ്വാഭാവികം. അതും കഴിഞ്ഞ മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഭരണം. അത് എന്തു വിലകൊടുത്തും സ്വന്തമാക്കുകയെന്ന ലക്ഷ്യം ബിജെപിക്കുണ്ട്. അതും സാമ്പത്തികമായി കരുത്തുറ്റ സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ. അതു ലോക്സഭാ തിരഞ്ഞെടുപ്പിൽ നൽകുന്ന ഊർജം ചെറുതല്ലെന്ന ബോധ്യം മറ്റാരെക്കാളും ബിജെപിക്കുണ്ട്.

സ്വന്തം കുഴി കുഴിക്കുന്ന കോൺഗ്രസ്

സഖ്യ ഭരണമെന്നാൽ അത് അ‍ഡ്ജസ്റ്റ്മെന്റുകളുടേതാണ്. അതിനു കർണാടകയിലെ കോൺഗ്രസിന് ഏറ്റവും മാതൃകയാക്കാവുന്നതു കേരളത്തിലെ യുഡിഎഫ് സംവിധാനത്തെയാണ്. എന്നാൽ, അധികാരത്തിന്റെ കാര്യത്തിൽ അതുവഴിയുണ്ടാക്കാവുന്ന സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകളും സാധ്യമല്ലെന്ന നിലപാടാണു കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക്. പാർട്ടിയിലെ തങ്ങളുടെ ചില എതിരാളികൾ മന്ത്രിമാരായി സുഖിക്കുന്നതും സാമ്പത്തിക ലാഭം കൊയ്യുന്നതും കണ്ടു സഹിക്കുന്നില്ല ചില ‘വെറും എംഎൽഎമാർക്ക്’.

അതു മാത്രമല്ല, ഭരണത്തിൽ കോൺഗ്രസിന്റെ നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും ചെവി കൊടുക്കാത്ത രാഷ്ട്രീയകക്ഷിയാണു മുഖ്യമന്ത്രിപദം കയ്യാളുന്നത്. എച്ച്.ഡി. ദേവെഗൗഡയുടെ ജനതാദൾ. അതിനെ മെരുക്കുക ഏറെ പ്രയാസകരമാണു കോൺഗ്രസിന്. സഖ്യം വരുമ്പോൾതന്നെ വിമർശനമുയർന്നിരുന്നു ‘പോത്തിനെയും കാളയെയും’ ഒരേ നുകത്തിൽ കെട്ടിയതുപോലെയുള്ള ഭരണമെന്ന്. മന്ത്രിസഭയ്ക്കു പുറത്തുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്യ വിമർശനങ്ങൾക്കു മുതിർന്നതോടെ, കുമാരസ്വാമിതന്നെ സഹ മന്ത്രിമാരായ കോൺഗ്രസുകാരോടു നേതാക്കളെ നിലയ്ക്കു നിർത്തണമെന്നു പറഞ്ഞുവയ്ക്കുകയും ചെയ്തു.

ഇത്തരം അസ്വാരസ്യങ്ങൾ തുടക്കംമുതൽ ദൾ–കോൺഗ്രസ് സഖ്യത്തിലുണ്ടായിരുന്നു. അത് അടുത്തകാലത്തായി തീക്ഷ്ണമായിരുന്നു. പ്രത്യേകിച്ചും സമീപകാലത്തുണ്ടായ മന്ത്രിസഭാ പുന:സംഘടനയ്ക്കു ശേഷം. മന്ത്രിസ്ഥാനം പോയവർ അതൃപ്തരായി. സ്ഥാനം വീണ്ടും ലഭിക്കാതിരുന്നവർ കൂടുതൽ അസംതൃപ്തരായി.

അതൃപ്തർ ബിജെപിക്കൊപ്പം

മന്ത്രിസ്ഥാനം ലഭിക്കാത്തതിനാലും പുന:സംഘടയിൽ സ്ഥാനം പോയതിനാലും അസംതൃപ്തരായ കോൺഗ്രസ് നേതാക്കളിൽ ചിലർ ബിജെപിക്കൊപ്പം ചർച്ച ആരംഭിച്ചതു കോൺഗ്രസ് നേതാക്കൾ മണത്തറിഞ്ഞു. ഈ ചർച്ച ചൂടു പിടിക്കുമ്പോഴാണു ബിജെപി അവരുടെ എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയത്. ഈ അതൃപ്തരിൽ എട്ടുപേരെയെങ്കിലും തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരികയും രാജിവയ്പിച്ചു വീണ്ടും എംഎൽഎമാരാക്കുകയും ചെയ്താൽ ഭരണം ഒപ്പം വരുമെന്ന ഉറച്ച വിശ്വാസത്തിലാണു ബിജെപിക്ക്. അതുതന്നെയാണു മുൻപും അവർ കാണിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയും ബി.എസ്. യെഡിയൂരപ്പയും മറു പക്ഷത്തെ ഓരോ എംഎൽഎമാരെയായി രാജിവയ്പിച്ചു ഭൂരിപക്ഷം തികച്ചു. ആറു കക്ഷിരഹിതരെക്കൂടി അത്തരത്തിൽ ഒപ്പം കൂട്ടി മന്ത്രിമാരാക്കി തൃപ്തരാക്കി. ഭരണം ഉറപ്പിക്കുകയും ചെയ്തു. അതാണ് ആദ്യത്തെ ‘ഓപ്പറേഷൻ താമര’.

കണ്ണടയ്ക്കുമോ കുമാരസ്വാമി

എച്ച്.ഡി.കുമാരസ്വാമി

ഇപ്പോഴത്തെ ബിജെപി നീക്കത്തോടു പരസ്യമായെടുക്കുന്ന നിലപാടെന്തായാലും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പരോക്ഷമായി ബിജെപിക്കൊപ്പം നിൽക്കുമോ എന്ന ആശങ്ക കോൺഗ്രസിനില്ലാതിരിക്കില്ല. കാരണം അത്തരമൊരു മുൻ അനുഭവം അവർക്കുണ്ട്. എൻ. ധരംസിങ് (കോൺഗ്രസ്) മുഖ്യമന്ത്രിയും അന്നു ജനതാദളിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായിരുന്ന കോൺഗ്രസ്–ദൾ സഖ്യസർക്കാരിനെ അട്ടിമറിച്ചു ബിജെപിക്കൊപ്പം പോയി മുഖ്യമന്ത്രിയായ ചരിത്രം കുമാരസ്വാമിക്കുണ്ട്. അതാവർത്തിക്കാതിരിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും കോൺഗ്രസിന്. ഇപ്പോൾ കുമാരസ്വാമി അത്തരത്തിലൊരു സൂചന നൽകുന്നില്ലെങ്കിലും.

ഏതായാലും അടുത്ത ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കും റിസോർട്ട് രാഷ്ട്രീയവും തുടർ ചർച്ചകളും. രാഷ്ട്രീയത്തിൽ നിറയും കർണാടക രാഷ്ട്രീയ വാർത്തകൾ. കാത്തിരിക്കാം അധികാര വടംവലിയുടെ ചാക്കിടൽ രാഷ്ട്രീയ വാർത്തകൾക്കായി.