ദൾ വിട്ടുകൊടുക്കുമോ, വേണമെന്നു സിപിഎം; കോട്ടയത്താരു കോട്ട കെട്ടും?

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോട്ടയം സീറ്റ് ജനതാദൾ (എസ്) വിട്ടുകൊടുക്കുമോ എന്ന രാഷ്ട്രീയ ചോദ്യം വീണ്ടും ഉയരുന്നു. പാലക്കാട്ടു ചേരുന്ന സംസ്ഥാന സമിതി യോഗം സീറ്റുകളുടെ കാര്യം ചർച്ച ചെയ്തേക്കും. സിപിഎമ്മും ജനതാദളും 17ന് അനൗദ്യോഗിക ചർച്ച നടത്തുന്നുമുണ്ട്. കോട്ടയത്തിനു പകരം കൂടുതൽ ജയസാധ്യതയുള്ള സീറ്റു വേണമെന്നാണു ജനതാദളിന്റെ ആഗ്രഹം. കോട്ടയം സീറ്റു തിരിച്ചെടുക്കണമെന്നു സിപിഎമ്മിനും ആലോചനയുണ്ട്.

ഇത്തവണ തിരുവനന്തപുരം, കോഴിക്കോട്, മലബാറിലെ മറ്റേതെങ്കിലും സീറ്റ് എന്നിവയിലാണു ജനതാദളിന്റെ നോട്ടം. തിരുവനന്തപുരം സീറ്റിലാണു ജനതാദളിനു കൂടുതൽ താൽപര്യം. 1952, 1957,1962, 1967, 1971, 1977,1984 തിരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റുകൾ ഇവിടെ മത്സരിച്ചിട്ടുണ്ട്.

1967 ൽ എസ്എസ്പി സ്ഥാനാർഥി പി.വിശ്വംഭരൻ ജയിച്ചു. 2009 ൽ ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച ജനതാദൾ നേതാവ് എ.നീലലോഹിത ദാസൻ നാടാർ മൂന്നാം സ്ഥാനം നേടി. പഴയ മാവേലിക്കര, കോഴിക്കോടു സീറ്റുകളിൽ ജനതാദൾ സ്ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. ജനതാദളിനു സ്വാധീനമുള്ള വടകരയിൽ 1967 ൽ സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരനാണു ജയിച്ചത്.

തിരുവനന്തപുരം സീറ്റു വിട്ടുകൊടുക്കാൻ സിപിഐ തയാറല്ല. നല്ല സ്വാധീനമുള്ള മലബാറിലെ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മും ഒരുക്കമല്ല. പകരം സീറ്റു കണ്ടെത്താനുള്ള ബുദ്ധിമുട്ടാണു കഴിഞ്ഞ തവണ ജനതാദളിനെ കോട്ടയത്ത് എത്തിച്ചത്. കോട്ടയം സീറ്റിൽ സിപിഎമ്മിനു വേണ്ടി പി.കെ.ഹരികുമാർ കഴിഞ്ഞതവണ പ്രചാരണം തുടങ്ങിയിരുന്നു. അതിനു ശേഷമാണ് ജനതാദൾ സീറ്റ് ചോദിച്ചുവാങ്ങിയത്. എംഎൽഎയായ മാത്യു ടി.തോമസ് തന്നെ ലോക്സഭാ സ്ഥാനാർഥിയുമായി.

ഇത്തവണ എൽഡിഎഫിലെ സ്ഥിതി മാറി. 10 ഘടക കക്ഷികളുണ്ട്. എല്ലാവർക്കും ലോക്സഭാ സീറ്റു നൽകുക എളുപ്പമല്ല. അതിനാൽ ഏവർക്കും സ്വീകാര്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സീറ്റു വിഭജനത്തിനാവും സിപിഎം ശ്രമിക്കുക. ലോക് താന്ത്രിക് ജനതാദൾ എൽഡിഎഫിൽ എത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.