ബെംഗളൂരു/ ന്യൂഡല്‍ഹി∙ കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായതോടെ എംഎല്‍എമാര്‍ ചോര്‍ന്നു പോകാതിരിക്കാനുള്ള കടുത്ത ജാഗ്രതയില്‍ ബിജെപിയും കോണ്‍ഗ്രസും. ഹരിയാനയിലെ റിസോര്‍ട്ടിലേക്കു മാറ്റിയ ബിജെപിയുടെ 102 എംഎല്‍എമാരും ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും. അതിനിടെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബെംഗളൂരുവിലെത്തി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുമായും സിദ്ധരാമയ്യയുമായും വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൂറുമാറ്റവും റിസോര്‍ട്ട് രാഷ്ട്രീയവുമായി കര്‍ണാടക രാഷ്ട്രീയം ഒരിക്കല്‍ക്കൂടി സജീവമാകുകയാണ്. കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വശത്താക്കി രണ്ടാം 'ഓപ്പറേഷന്‍ താമര'യ്ക്ക് ബിജെപി നീക്കം നടത്തുകയാണെന്നാണ് അഭ്യൂഹം. അതിനിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാനായി ബിജെപി തങ്ങളുടെ എംഎല്‍എമാരെ കൂട്ടത്തോടെ ഡല്‍ഹിയിലെത്തിച്ചു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും തലസ്ഥാനത്തുണ്ട്. ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.
ബിജെപിയല്ല, കോണ്‍ഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎല്‍എമാരെ സുരക്ഷിതമായി ഡല്‍ഹിയില്‍ പാര്‍പ്പിക്കുമെന്നും ഇവര്‍ക്കൊപ്പമുള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. ഇതിനിടെ, മുംബൈയിലേക്കു പോയ തങ്ങളുടെ 3 എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ മന്ത്രി ഡി.കെ. ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഭരണപക്ഷ എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രി കുമാരസ്വാമി തന്നെ രംഗത്തുള്ളതു കോണ്‍ഗ്രസിന് ആശ്വാസമാണ്.
മന്ത്രിസഭാ പുനസംഘടനയുടെ പേരില്‍ അതൃപ്തരായ രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീല്‍ എന്നിവര്‍ ബിജെപിയുമായി ചര്‍ച്ചയിലാണെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷിതമാണെന്നും തന്റെ അറിവോടെയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുബൈയിലേക്കു പോയെതെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.
13 ഭരണകക്ഷി എംഎല്‍എമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാന്‍ ബിജെപിക്ക് സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.