‘ടൂറിസം വികസനത്തിന് 550 കോടി; ആയുഷ്മാൻ ഭാരതിൽ കൂടുതൽ ഉത്സാഹിക്കണം’

കൊല്ലം ∙ ടൂറിസം സർക്യൂട്ടുകളെ ബന്ധപ്പെടുത്തുന്ന സ്വദേശ് ദർശൻ, തീർഥാടനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസാദ് എന്നീ പദ്ധതികൾ‍ വഴി വിനോദസഞ്ചാരമേഖലയില്‍ കേരളത്തിനു 550 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതുൾപ്പെടെ 7 പദ്ധതികൾക്കായാണു തുകയെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപാസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.

മത്സ്യമേഖലയ്ക്കായി 7500 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ബിജെപി സർക്കാർ അധികാരമേറ്റെടുത്തതു മുതൽ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനു മുന്തിയ പരിഗണനയാണു നൽകിയിട്ടുള്ളത്. ഭാരത് മാലാ പദ്ധതി പ്രകാരം മുംബൈ– കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി വരികയാണ്. 2015 ജനുവരിയിൽ അന്തിമ അനുമതി ലഭിച്ചതാണ് കൊല്ലം ബൈപാസ് പദ്ധതി. ഇതു കാര്യക്ഷമമായി പൂർത്തിയാക്കാനായതു സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണം ലഭിച്ചതോടെയാണ്.

ഒരു കുടുംബത്തിനു പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളെ ചേർക്കാൻ കേരളം കൂടുതൽ ഉത്സാഹിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കേരളത്തിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് അധികാരമേറ്റെടുത്തപ്പോൾ താൻ പ്രധാനമന്ത്രിക്കു നൽകിയ വാക്കു പാലിച്ചിരിക്കുകയാണെന്നും ഗെയിൽ വാതക പൈപ്പ്‌ലൈനിലും ദേശീയപാത വികസനത്തിലുമുള്ള പുരോഗതി ഇതാണു വ്യക്തമാക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.