ബാർ തൊഴിലാളികളുടെ പുനരധിവാസത്തിന് അംഗീകാരം; രണ്ടര ലക്ഷം വായ്പ

Cabinet
SHARE

തിരുവനന്തപുരം∙ ബാർ തൊഴിലാളികളുടെ പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം. യുഡിഎഫിന്റെ മദ്യനയത്തെ തുടർന്ന് തൊഴില്‍ നഷ്ടപ്പെട്ടവർക്കാണു പുനരധിവാസം. രണ്ടര ലക്ഷം വായ്പയായും അരലക്ഷം സബ്സിഡിയായും അനുവദിക്കും. സ്വയം തൊഴിൽ കണ്ടെത്തുന്നതിനാണു തുക അനുവദിക്കുന്നത്.

2014-15-ല്‍ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതിക്കാണു മന്ത്രിസഭ അംഗീകാരം നൽകിയത്. 'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' എന്ന പേരിലാണ് ഇതു നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്‍റ്/സബ്സിഡി ആയും അനുവദിക്കുന്നതാണ്. ഈ വായ്പയ്ക്കു നാലു ശതമാനമാണു പലിശ. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കുമെന്നും മന്ത്രിസഭ യോഗം ഉന്നയിച്ചു.

2019 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും പങ്കെടുക്കും. 

വിവിധ ജില്ലകളിൽ പങ്കെടുക്കുന്ന മന്ത്രിമാർ

∙കൊല്ലം-  ജെ മേഴ്സിക്കുട്ടിയമ്മ

∙പത്തനംതിട്ട - കടകംപള്ളി സുരേന്ദ്രന്‍

∙ആലപ്പുഴ - ജി. സുധാകരന്‍

∙കോട്ടയം - കെ. കൃഷ്ണന്‍കുട്ടി

∙ഇടുക്കി - എം.എം. മണി

∙എറണാകുളം - എ.സി. മൊയ്തീന്‍

∙തൃശൂര്‍ - വി.എസ്. സുനില്‍കുമാര്‍

∙പാലക്കാട് - എ.കെ. ബാലന്‍

∙മലപ്പുറം - കെ.ടി. ജലീല്‍

∙കോഴിക്കോട് - എ.കെ. ശശീന്ദ്രന്‍

∙വയനാട് - രാമചന്ദ്രന്‍ കടന്നപ്പള്ളി

∙കണ്ണൂര്‍ - ഇ.പി. ജയരാജന്‍

∙കാസര്‍കോട് - ഇ. ചന്ദ്രശേഖരന്‍

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ എംഡി വി.സി. ബിന്ദുവിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ജോയിന്‍റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഫിനാന്‍സ് ഓഫിസറുടെ തസ്തിക സൃഷ്ടിക്കാനും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താനും തീരുമാനമായി.

സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ ലക്ചറര്‍ 83 (2017-18ല്‍ 16, 2018-19ല്‍ 67), ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്‍റ് 2018-19ല്‍ ഒന്നും  കരാര്‍ വ്യവസ്ഥയില്‍ ഫാക്കല്‍റ്റി 67 (2017-18ല്‍ 36, 2018-19-ല്‍ 31) എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തോപ്പില്‍ ഭാസിയുടെ മകന്‍ അജയകുമാറിന്‍റെ അർബുദചികിത്സയ്ക്ക് ചെലവായ തുക ഒരു പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും. 

കേരള സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചു വരുന്ന അഖിലേന്ത്യാ സര്‍വീസ് ഓഫിസേഴ്സ് അലവന്‍സ് ധനവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2017 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടു കൂടി പരിഷ്കരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA