ഡൽഹി വിമാനത്താവളത്തിൽ ഇനി ബാഗേജ് സ്കാനിങ്ങിനും പണം; ഫെബ്രുവരി ഒന്നു മുതല്‍ ഫീസ് ഈടാക്കും

ന്യൂഡൽഹി∙ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ബാഗ്ഗേജ് സ്കാൻ ചെയ്യാൻ ഫീസ് നൽകണം. ഫെബ്രുവരി ഒന്നു മുതൽ ഇവിടെനിന്നുള്ള ആഭ്യന്തര, രാജ്യാന്തര യാത്രക്കാരിൽനിന്ന് ഈ ഫീസ് ഈടാക്കിത്തുടങ്ങും. ഹാൻഡ് ബാഗ്ഗേജിന് ഒരു ഫീസും ഈടാക്കില്ല. എന്നാൽ ചെക്ക് ഇൻ ബാഗ്ഗേജിന്റെ സ്കാനിന് ഇതു നിർബന്ധമാക്കും.

ഡൽഹി ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡാണ് (ഡിെഎഎഎൽ) ഈ തുക ഈടാക്കുക. വിമാനത്താവളത്തിലെ സുരക്ഷാ ചുമതല െസൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ്. അവരാണു യാത്രക്കാരുടെ േദഹപരിശോധന നടത്തുന്നതും ഹാൻഡ് ബാഗ്ഗേജ് പരിശോധിക്കുന്നതും. എന്നാൽ െചക്ക് ഇൻ ബാഗ്ഗേജിന്റെ സ്കാനിങ് സ്വകാര്യ ഏജൻസികളാണു ചെയ്യുന്നത്. സിആർപിഎഫ് അതിന്റെ മേൽനോട്ടം വഹിക്കുന്നു എന്നേയുള്ളൂ.

സ്കാനിങ്ങിനുള്ള ഫീസ് വിമാനക്കമ്പനികളിൽനിന്നാണ് ഡിെഎഎഎൽ ഈടാക്കുക. എന്നാൽ അതു വിമാനക്കമ്പനികൾ യാത്രക്കാരിൽനിന്ന് ഈടാക്കും. ആഭ്യന്തര യാത്രക്കാരിൽനിന്നു വിമാനത്തിലെ സീറ്റുകളുടെ എണ്ണം കൂടി കണക്കാക്കിയാണ് ഈ ഫീസ് ചുമത്തുക. 25, 50, 100, 200 സീറ്റുകളുള്ള വിമാനങ്ങൾക്കു യഥാക്രമം 110 രൂപ, 220 രൂപ, 495 രൂപ, 770 രൂപ എന്നിങ്ങനെയാണു നിരക്ക്. 200നു മുകളിൽ സീറ്റ് ഉള്ളവയ്ക്കു 880 രൂപയാണ്. രാജ്യാന്തര വിമാനങ്ങൾക്കു ചെറിയവയ്ക്ക് 149. 33 ഡോളറും വലിയവയ്ക്ക് 209.55 ഡോളറുമാണ് നിരക്ക്.

എന്നാൽ യാത്രക്കാരിൽനിന്ന് ഇത്രയും തുക ഈടാക്കില്ല. ആഭ്യന്തര യാത്രക്കാരിൽനിന്നു ബാഗ്ഗേജ് ഒന്നിന് അഞ്ചു രൂപയും രാജ്യാന്തര യാത്രക്കാരിൽനിന്ന് 50 രൂപയും ഈടാക്കാനാണു തീരുമാനം. ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാരിൽനിന്ന് അടുത്ത കാലത്ത് ഈടാക്കുന്ന രണ്ടാമത്തെ അധിക ഫീസാണിത്. കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ പാസ്സഞ്ചർ സർവീസ് ഫീസ് ആയി യാത്രക്കാരിൽനിന്ന് 77 രൂപ വീതം ഈടാക്കി വരികയാണ്.