തിരുവനന്തപുരം ∙ പൊലീസ് അടക്കമുള്ള സേനകളിലെ കായികക്ഷമതാ പരീക്ഷയുടെയും ശാരീരിക അളവെടുപ്പിന്റെയും നിയന്ത്രണം പിഎസ്‌സിയില്‍നിന്നു മാറ്റി പൊലീസിനു നല്‍കാന്‍ ആലോചന നടക്കുന്നത് പിഎസ്‌സി ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അട്ടിമറിച്ച്.
പൊലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, വനം വകുപ്പുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് 2009 വരെ കായികക്ഷമതാ പരീക്ഷ നടത്തിയിരുന്നത് പൊലീസായിരുന്നു. കായികക്ഷമതാ പരീക്ഷയില്‍ ഇഷ്ടക്കാരെ വിജയിപ്പിക്കാന്‍ പണം വാങ്ങി യോഗ്യതകളില്‍ തിരിമറി നടത്തുന്നത് പതിവായതിനെത്തുടര്‍ന്നാണ് നിയന്ത്രണം പിഎസ്‌സിയിലേക്ക് മാറ്റിയത്.
ഇപ്പോള്‍ കായികക്ഷമതാ പരീക്ഷ നടത്തുന്നത് പൊലീസാണെങ്കിലും പിഎസ്‌സി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുള്ളതിനാലും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത് പിഎസ്‌സി ആയതിനാലും അഴിമതി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കായികക്ഷമതാ പരീക്ഷയുടെ നിയന്ത്രണം തിരികെ വേണമെന്ന ചില പൊലീസ് ഉന്നതരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പഴയ രീതിയിലേക്കു പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പിഎസ്‌സി ചെയര്‍മാനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ശാരീരിക ക്ഷമതാ പരീക്ഷയുടെ നിയന്ത്രണം പൊലീസിനു മടക്കി നല്‍കുന്നത് വന്‍ അഴിമതിക്കു കളമൊരുക്കുമെന്ന റിപ്പോര്‍ട്ടാണ് പിഎസ്‌സിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ചെയര്‍മാന്റെ ഓഫിസില്‍നിന്ന് സമ്മര്‍ദമുണ്ടായെങ്കിലും പിഎസ്‌സി ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
പിഎസ്‌സി യോഗത്തില്‍ ഒരു വിഭാഗം അംഗങ്ങള്‍ ചെയര്‍മാന്റെ നടപടിയെ എതിര്‍ത്തതിനെത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശാരീരികക്ഷമതാ പരീക്ഷയുടെ നിയന്ത്രണം പൊലീസിനു മടക്കി നല്‍കാന്‍ സര്‍ക്കാരിനു താല്‍പര്യമുള്ളതിനാല്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത. പുതിയ തീരുമാനത്തിനെതിരെ പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ അമര്‍ഷമുണ്ട്.
പൊലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, വനംവകുപ്പ് എന്നീ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയുടെയും ശാരീരിക അളവെടുപ്പിന്റെയും നിയന്ത്രണം 2009 വരെ പൊലീസിനായിരുന്നു. പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു പിഎസ്‍സി നിയമനം നല്‍കിയിരുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിന് 2009 ഏപ്രിലില്‍ വിവിധ ജില്ലകളിൽ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു.
വൻതുക കോഴ വാങ്ങി പൊലീസ് ഉദ്യോഗസ്‌ഥർ അനർഹരായ മൂവായിരത്തിലധികം പേരെ വിജയിപ്പിച്ചെന്നാണ് ആരോപണമുയര്‍ന്നത്. സാധാരണ 30-50% പേർ മാത്രം വിജയിക്കുന്ന പരീക്ഷയിൽ 60% പേർ വിജയിച്ചതായും ആക്ഷേപമുണ്ടായി. പൊലീസ് കോൺസ്‌റ്റബിൾ നിയമനത്തിനുള്ള കായികപരീക്ഷയിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്‌ഥർ അനർഹരെ ജയിപ്പിച്ചതായി പിഎസ്‌സിക്കു പരാതി ലഭിച്ചിരുന്നു.
രണ്ടു പിഎസ്‌സി അംഗങ്ങൾ ആലപ്പുഴയിലെത്തി അന്വേഷിച്ചപ്പോൾ തോറ്റ ഏഴ് ഉദ്യോഗാർഥികളെ അനർഹമായി ജയിപ്പിച്ചതാണെന്നു കണ്ടെത്തി. ഇവരെ വീണ്ടും കായിക പരീക്ഷയ്‌ക്കു വിളിക്കുകയും 1,500 മീറ്റർ ഓടിക്കുകയും ചെയ്‌തു. ഹാജരായ ആറു പേരും പരാജയപ്പെട്ടു പുറത്തായി. ക്രമക്കേടു കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരെ കായികക്ഷമതാ പരീക്ഷാ ജോലിയിൽനിന്നു മാറ്റി. ഇതിനു പിന്നാലെയാണ് 2009 ഒക്ടോബറില്‍ കായികക്ഷമതാ പരീക്ഷയുടെ നിയന്ത്രണം പിഎസ്‌സി ഏറ്റെടുത്തത്.
ഇപ്പോള്‍ സേനകളിലേക്കുള്ള എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്നവരെ പിഎസ്‌സിയുടെ നിയന്ത്രണത്തില്‍ നടത്തുന്ന കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുപ്പിക്കൂ. കായികക്ഷമതാ പരീക്ഷയ്ക്കു മാര്‍ക്കില്ല, നിശ്ചിത ഇനങ്ങളില്‍ വിജയിക്കണമെന്നേയുള്ളൂ.
വിജയിക്കുന്നവര്‍ക്ക് എഴുത്തു പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നല്‍കും. എന്നാല്‍ പൊലീസിന്റെ നിയന്ത്രണത്തില്‍ ആദ്യം കായികക്ഷമതാ പരീക്ഷ നടത്തണമെന്നും അതില്‍ വിജയിക്കുന്നവര്‍ക്ക് പരീക്ഷ നടത്തിയാല്‍ മതിയെന്നുമാണ് പൊലീസിന്റെ പുതിയ നിര്‍ദേശം. ചെയര്‍മാന്റെ ഓഫിസിനും ഇതിനോടാണു താല്‍പര്യമെന്നറിയുന്നു.
കായികക്ഷമതാ പരീക്ഷയുടെ നിയന്ത്രണം പൊലീസിനു കൈമാറിയാല്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുമെന്നും ഇപ്പോഴത്തെ രീതിയാണ് നല്ലതെന്നുമാണ് പിഎസ്‌സി ഉദ്യോഗസ്ഥര്‍ ചെയര്‍മാനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കായികക്ഷമതാ പരീക്ഷ നടത്തിയാല്‍ പിഎസ്‌സിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാതെ തീരുമാനം പുനഃപരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു പിഎസ്‌സി.