ഈ സമയത്ത് 100 ശതമാനവും താങ്കൾക്കൊപ്പം: ജയ്റ്റ്ലിക്ക് പിന്തുണയുമായി രാഹുൽ

ന്യൂഡൽഹി∙ അസുഖ ബാധിതനായി യുഎസിൽ ചികിൽസ നടത്തുന്ന കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അരുൺ‌ ജയ്റ്റ്ലിയുടെ സുഖമായിരിക്കുന്നില്ലെന്ന കാര്യം തന്നെ അസ്വസ്ഥനാക്കുന്നതായി രാഹുൽ ഗാന്ധി പ്രതികരിച്ചു. രോഗത്തെ കീഴടക്കാൻ‌ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. എന്റെയും കോൺഗ്രസ് പാർട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്– ട്വിറ്ററിൽ രാഹുല്‍ പ്രതികരിച്ചു.

ബുദ്ധിമുട്ടുള്ള ഈ സമയത്തു താങ്കള്‍ക്കും കുടുംബത്തിനും 100 ശതമാനം പിന്തുണ നല്‍കുന്നതായും രാഹുൽ വ്യക്തമാക്കി. വൃക്ക രോഗബാധിതനായ ജയ്റ്റ്ലി ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി പരിശോധനയ്ക്കായി യുഎസിലേക്കു പോയത്. 2018 മേയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ജയ്റ്റ്ലിക്കു കഴിഞ്ഞ 9 മാസമായി വിദേശയാത്രകള്‍ നടത്താൻ കഴിഞ്ഞിരുന്നില്ല.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ലോക്സഭയിൽ രാഹുലും അരുൺ‌ ജയ്റ്റ്ലിയും തമ്മിൽ ശക്തമായ വാക്കുതർക്കം അരങ്ങേറിയിരുന്നു. റഫാലിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം നടത്തണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാൽ ഗാന്ധി കുടുംബത്തിന് പണത്തിന്റെ കണക്കു മാത്രമാണ് അറിയുന്നതെന്നും ദേശീയ സുരക്ഷയുടെ കണക്ക് അറിയില്ലെന്നും പറഞ്ഞ് ജയ്റ്റ്ലി തിരിച്ചടിച്ചു.