ബാര്‍ കോഴ: തുടരന്വേഷണത്തിനു തയാറെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍

KM-Mani-2
SHARE

കൊച്ചി∙ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനു തയാറാണെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുന്‍മന്ത്രി കെ.എം. മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയ്ക്കെതിരെ വി.എസ്. അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹര്‍ജികളിലാണു വിജിലന്‍സ് നിലപാടറിയിച്ചത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിപ്രകാരമുള്ള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഈ കേസില്‍ ആവശ്യമില്ലെന്നാണു വിജിലന്‍സ് നിലപാട്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് അഴിമതി നിരോധനനിയമത്തിലെ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കു സംരക്ഷണം ലഭിക്കൂ. കോഴ വാങ്ങിയെന്ന ആരോപണമാണു കേസില്‍ ഉയര്‍ന്നിരിക്കുന്നത് എന്നതിനാല്‍ നിയമഭേദഗതിയുടെ സംരക്ഷണം കെ.എം. മാണിക്ക് ലഭിക്കില്ലെന്നു വിജിലന്‍സ് ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ അന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ലെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.

തിരുവനന്തപുരം കോടതിയുടെ നിര്‍ദേശപ്രകാരം തുടരന്വേഷണത്തിനു തയാറാണെന്നും വിജിലന്‍സ് അറിയിച്ചു. ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതോടെ കേസില്‍ ഇനി ഹൈക്കോടതിയുടെ നിലപാടാവും നിര്‍ണായകമാവുക. വിജിലന്‍സ് സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, കേസ് ഈമാസം 29ലേക്ക് മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA