ബെയ്ജിങ്∙ വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിനു ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സംഭവം വിവാദമായതോടെ കമ്പനി താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണു സംഭവം ചര്‍ച്ചയായത്.
പതാകയുമായി മുന്നില്‍ നടക്കുന്നയാളിന്റെ പിന്നാലെ ജീവനക്കാര്‍ മുട്ടും കൈകളും കുത്തി പോകുന്ന ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്. വഴിയാത്രക്കാര്‍ ഞെട്ടലോടെ ഇവരെ നോക്കുന്നതും കാണാം. വാഹനങ്ങളോടുന്ന തിരക്കേറിയ നിരത്തിലൂടെയായിരുന്നു ഈ ശിക്ഷാജാഥ. ഒടുവില്‍ ഇതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു ജീവനക്കാരുടെ ശിക്ഷ അവസാനിച്ചത്.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊതുസമൂഹത്തില്‍നിന്നു കടുത്ത എതിര്‍പ്പാണു കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് തെരുവിലുള്ളവർക്ക് മനസിലായില്ല. എല്ലാവരും അമ്പരപ്പോടെയാണ് ഇത് വീക്ഷിച്ചത്. എന്നാൽ സംഭവം കമ്പനിയുടെ ശിക്ഷാനടപടിയാണെന്ന് മനസിലായതോടെ തെരുവിലെ ജനങ്ങൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ചൈനീസ് കമ്പനികളില്‍ ഇതാദ്യമല്ല ഇത്തരം വിചിത്രമായ ശിക്ഷാരീതികള്‍ നടപ്പാക്കുന്നത്. മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരുടെ കരണത്തടിക്കുന്ന വിഡിയോ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ ഇതിന് മുമ്പ് വൈറലായിരുന്നു.