ദുബായിൽ 20,000 കോടി രൂപ തട്ടിച്ചതിൽ 116 മലയാളികളും; ബാങ്ക് അധികൃതർ കൊച്ചിയിൽ

dubai-money-laundering-case
SHARE

കൊച്ചി∙ വായ്പാ തട്ടിപ്പു നടത്തി ദുബായിൽ നിന്ന് കോടികൾ കടത്തിയ മലയാളികളിൽ നിന്നു പണം തിരിച്ചു പിടിക്കാൻ നാഷനൽ ബാങ്ക് ഓഫ് റാസൽഖൈമയുടെ മാനേജർമാർ കൊച്ചിയിൽ. ഇതിനായി ബാങ്ക് അധികൃതർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി തെളിവുകൾ ഹാജരാക്കി. കേസുകളുടെ വിശദ വിവരങ്ങൾ പൊലീസിനു നൽകിയിട്ടുണ്ട്. എങ്ങനെയും പണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ബാങ്ക് സംഘം കേരളത്തിൽ എത്തിയിട്ടുള്ളത്. 

തട്ടിപ്പു നടത്തിയ 116 മലയാളികളോട് വെള്ളിയാഴ്ച ഒത്തുതീർപ്പിനായി ഹാജരാകാൻ കേരള ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചു. 84 കമ്പനികളുടെ പേരിലായിരുന്നു വായ്പാ തട്ടിപ്പ്.  എക്സ്ട്രീം ഇന്റർനാഷനൽ മാനേജ്മെന്റ് കൺസൾട്ടൻസിയാണ് ബാങ്കുകൾക്കായി ഇന്ത്യയിലെ നിയമ നടപടികൾ കൈകാര്യം ചെയ്യുന്നത്.

ദുബായിൽ നിന്ന് മുക്കിയത് 20,000 കോടി

യുഎഇയിലെ പല ബാങ്കുകളിൽ നിന്നായി 20,000 കോടി രൂപ വായ്പയെടുത്താണ് ഇന്ത്യക്കാർ മുങ്ങിയത്. ഇതിൽ 30 ശതമാനം തട്ടിപ്പും നടത്തിയത് മലയാളികളാണ്.  ഈ തുകയിൽ നല്ലൊരു പങ്ക് കുഴൽപണമായി ഇന്ത്യയിൽ എത്തിച്ചു എന്നാണ് കണക്കാക്കുന്നത്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ മാസ്റ്റർ ഫെസിലിറ്റി സംവിധാനത്തിൽ ഓവർ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്കൗണ്ടിങ്, ലെറ്റർ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു വായ്പ സംഘടിപ്പിച്ചത്.

സ്ഥാപനത്തിന്റെ ഒരു വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷയ്ക്കൊപ്പം നൽകി. മാസ്റ്റർ ഫെസിലിറ്റി പണമാക്കി മാറ്റാനായി മറ്റു ചില കമ്പനികളുമായിച്ചേർന്ന്, ഒരിക്കലും നടന്നിട്ടില്ലാത്ത ക്രയവിക്രിയങ്ങളുടെ ബില്ലുകൾ, ട്രക്ക് കൺസൈൻമെന്റ് നോട്ടുകൾ, ഡെലിവറി ഓർഡറുകൾ എന്നിവയും നൽകി. ഹ്രസ്വകാലത്തേക്കുള്ള വായ്പകളായതിനാലും ആദ്യത്തെ വായ്പ സമയത്തു തിരിച്ചടച്ചതിനാലും വിശദമായ പരിശോധന നടത്താതെയാണു ബാങ്ക് തുടർവായ്പകൾ നൽകിയത്.

വ്യാജ ഓഡിറ്റ് റിപ്പോർട്ട് ഉപയോഗിച്ചും തട്ടിപ്പ്

ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചിരുന്ന ആസ്തിയുടെ 30 ശതമാനം വരെ വായ്പയായി തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഒരേ ഓഡിറ്റ് റിപ്പോർട്ട് ഉപയോഗിച്ച് ചിലർ പത്തു ബാങ്കുകളിൽനിന്നുവരെ വായ്പ നേടി. ഓഡിറ്റ് റിപ്പോർട്ടിൽ 100 കോടിയുടെ ആസ്തിയുള്ള സ്ഥാപനത്തിന് ഇങ്ങനെ 300 കോടി വരെ വായ്പ ലഭിച്ചു. ഓഡിറ്റ് റിപ്പോർട്ട് തന്നെ വ്യാജമായ കേസുകളുമുണ്ട്. 

ദുബായിലുള്ള സ്വത്തുക്കൾ അവിടെത്തന്നെ വിറ്റഴിച്ചശേഷം, വായ്പയായി ലഭിച്ച തുക ഹവാല വഴി ഇന്ത്യയിലേക്കു കടത്തുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ വഞ്ചിച്ച ഇടപാടുകാർക്കെതിരെ ബാങ്ക് ചെക്ക് കേസ് നൽകുകയും ഇവർക്കു യാത്രാവിലക്കേർപെടുത്തുകയും ചെയ്തു.

എന്നാൽ ഇതിനു മുൻപ് ഇവർ രാജ്യം വിട്ടിരുന്നു. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്കു ജോലിയും നഷ്ടമായി. ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാരും വഞ്ചിച്ചവരുടെ പട്ടികയിലുണ്ട്.

തെളിവ് ഇല്ലാതാക്കാനും ശ്രമം

വായ്പാത്തട്ടിപ്പിൽ ദുബായ് ബാങ്കുകൾക്കുവേണ്ടി കേസുകൾ നടത്തുന്ന കൊച്ചിയിലെ സ്ഥാപനത്തിൽനിന്നു 2018 ഫെബ്രുവരിയിൽ രേഖകൾ മോഷ്ടിച്ചു പോലും കേസ് ഇല്ലാതാക്കാൻ ശ്രമം നടന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ കൊണ്ടുപോയതിനൊപ്പം വിലപ്പെട്ട വിവരങ്ങൾ കംപ്യൂട്ടറുകളിൽനിന്നു നീക്കം ചെയ്യുകയും ചെയ്തു. 

കോടികൾ തട്ടി കേരളത്തിലെത്തിയ 116 മലയാളികളുമായാണ് വെള്ളിയാഴ്ച ഒത്തു തീർപ്പ് ചർച്ചയ്ക്ക് ശ്രമിക്കുന്നത്. പണം തിരിച്ചു നൽകാൻ തയാറുള്ളവരിൽ നിന്ന് അത് ഈടാക്കി കേസ് ഒഴിവാക്കാനാണ് പദ്ധതി.

എന്നാൽ എത്രപേർ ഇതിനു തയാറായി മുന്നോട്ടു വരും എന്ന കാര്യത്തിലാണ് ആശങ്ക.  ബാങ്കുകൾക്കു വേണ്ടി പവർ ഓഫ് അറ്റോർണി കൈകാര്യം ചെയ്യുന്ന എക്സ്ട്രീം ഇന്റർനാഷനൽ മാനേജ്മെന്റ് കൺസൾട്ടൻസിയാണ് കേസുകൾക്ക് ചുക്കാൻ പിടിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA