തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പണിമുടക്ക് പ്രഖ്യാപിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 'ആറു ദിവസത്തെ പണി'. ഓഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയതോടെ, ആഴ്ചയില്‍ മൂന്നു ദിവസം ഡ്യൂട്ടിയെടുത്തശേഷം നാലുദിവസം അവധി എടുക്കുന്ന ഏര്‍പ്പാട് ഇല്ലാതായി. ദിവസവും ജോലിക്ക് വരേണ്ടതിനാല്‍ പുറത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന പലര്‍ക്കും ഈ പതിവ് അവസാനിപ്പിക്കേണ്ടിയും വന്നു.
കോര്‍പ്പറേഷന്‍ സിഎംഡിയായി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് എത്തിയതിനുശേഷമാണ് ഈ പരിഷ്‌ക്കാരങ്ങളെല്ലാം നടപ്പിലാക്കിയത്. അതോടെ എംഡിയെ പുറത്താക്കാനായി യൂണിയനുകളുടെ ശ്രമം. എന്നാല്‍, സര്‍ക്കാര്‍ എല്ലാ പിന്തുണയും സിഎംഡിക്ക് നല്‍കിയതോടെ യൂണിനുകളുടെ നീക്കം വിജയിച്ചില്ല. പ്രതിദിന വരുമാനത്തില്‍ ഒരു കോടിരൂപ വര്‍ധനവ് വരുത്താനുള്ള പദ്ധതി 16ാം തീയതി മുതല്‍ സിഎംഡി നടപ്പിലാക്കിയതോടെ സിഎംഡിയെ പുറത്താക്കാനുള്ള അവസാന സമരമെന്ന നിലയിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളപരിഷ്‌ക്കരണവും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമെല്ലാം ഇതിന്റെ മറയായി അവതരിപ്പിക്കുകയായിരുന്നു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്തുവന്നത് യൂണിയനുകള്‍ക്ക് തിരിച്ചടിയായി. കെഎസ്ആര്‍ടിസിയെ നവീകരിക്കാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ വലയ്ക്കുന്ന അനാവശ്യ സമരങ്ങളെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം 6 മുതല്‍ 6.5 കോടി രൂപ വരെയാണ്. അത് ഒരു കോടി വര്‍ധിപ്പിക്കാനാണ് ജനുവരി 16 മുതല്‍ പ്രത്യേക പദ്ധതി സിഎംഡി ആവിഷ്‌ക്കരിച്ചത്. ബസുകളുടെ അടിസ്ഥാനത്തിലല്ല ഇതുവരെ ഇന്‍സ്‌പെക്ടര്‍മാരെ യൂണിറ്റുകളില്‍ നിയോഗിച്ചിരുന്നത്. പദ്ധതിയനുസരിച്ച് ഓരോ 8 ബസുകളുടേയും പൂര്‍ണ ചുമതല ഓരോ ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും. വരുമാനം, അറ്റകുറ്റപ്പണി, റൂട്ട് പ്ലാനിങ് പരാതി പരിഹാരം ഇവയെല്ലാം ഇന്‍സ്‌പെക്ടര്‍മാരുടെ ഉത്തരവാദിത്തമായിരിക്കും. ഇന്‍സ്‌പെക്ടര്‍മാരുടെ നിയന്ത്രണം ചീഫ് ഓഫിസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ്. ഉപയോഗശൂന്യമായ ടിക്കറ്റ് മെഷിനുകള്‍ക്ക് പകരം മെഷീനുകള്‍ വാങ്ങാനും, ഓടാതെ കിടക്കുന്ന ബസുകള്‍ക്ക് ആദായകരമായ റൂട്ടുകള്‍ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. കോര്‍പ്പറേഷന്റെ 6,400 ബസുകളില്‍ 6,200 ബസെങ്കിലും സര്‍വീസ് നടത്താനാണ് ആലോചന.
ബസുകള്‍ സമയ കൃത്യത പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സര്‍വീസ് റദ്ദാക്കിയാല്‍ നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കുമെന്നും എംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിസര്‍വ് സര്‍വീസുകള്‍ റദ്ദാക്കിയാല്‍ ആറു മണിക്കൂര്‍ മുന്‍പ് യാത്രക്കാരെ വിവരം അറിയിക്കാനും, യാത്രക്കാരില്ലാതെ വാഹനങ്ങള്‍ കോണ്‍വോയായി പോകുന്നത് തടയാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2019 അവസാനത്തോടെ പെന്‍ഷന്‍ ഒഴികെയുള്ള എല്ലാ ചെലവുകള്‍ക്കും പണം കണ്ടെത്താനാണ് എംഡിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.
തച്ചങ്കരി എംഡിയായശേഷം കെഎസ്ആര്‍സി ആരംഭിച്ച ഇലക്ട്രിക്ക് ബസുകള്‍ വന്‍ വിജയമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അഞ്ച് ഇലക്ട്രിക് എസി ബസുകളാണ് അയ്യപ്പഭക്തര്‍ക്കായി സര്‍വീസ് നടത്തിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്ററാണ് ഒരു ബസ് ഓടിയത്. കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു.
വൈദ്യുതി ചാര്‍ജും വെറ്റ്‌ലീസ് ചാര്‍ജും ഒഴിവാക്കിയാല്‍ കിലോമീറ്ററിന് 57 രൂപയിലധികം ലാഭം നേടാനായി. ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തില്‍ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് 6 രൂപയാണ് ചെലവ്. 10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഇ-ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. നടപ്പിലാക്കിയ പരിഷ്‌ക്കാരണങ്ങളുടെ ഭാഗമായി ജനുവരി ഏഴാം തീയതി കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കലക്ഷന്‍ ലഭിച്ചിരുന്നു. 8,54,77,240 രൂപ. കഴിഞ്ഞവര്‍ഷം 8,50,68,777 രൂപ ലഭിച്ചതായിരുന്നു റെക്കോര്‍ഡ്.
വരുമാനം വര്‍ധിപ്പിക്കാന്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതോടെയാണ് യൂണിയനുകള്‍ സിഎംഡിക്കെതിരെ തിരിഞ്ഞത്. ആശാസ്ത്രീയമായ ഷെഡ്യൂള്‍ പരിഷ്‌ക്കരണം പിന്‍വലിക്കണമെന്നും ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നുമാണ് യൂണിയനുകളുടെ ്രപധാന ആവശ്യം. ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കിയാലും ഡ്യൂട്ടിയില്‍ മാറ്റം വരില്ല.
രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടു മുതല്‍ രാത്രി പത്തുവരെയുമാണ് രണ്ടു ഘട്ടങ്ങളിലായി ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. ഈ ഡ്യൂട്ടി ഓരോ ദിവസം മാറി ചെയ്യണം. ഇങ്ങനെയായാല്‍ ആറു ദിവസവും ജോലി ചെയ്യേണ്ടിവരും. ശമ്പളപരിഷ്‌ക്കണം നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബാധ്യത വരുന്ന നടപടികളിലേക്ക് പോകാന്‍ സാധ്യതയില്ല.
പിഎസ്സി നിയമിച്ച കണ്ടക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാത്ത ഒഴിവില്‍ മാത്രമേ എംപാനലുകാരെ നിയമിക്കാനാകൂ. അതു കോടതിവിധിയുടെ അടിസ്ഥാനത്തിലുമായിരിക്കും. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ഡിഎ കുടിശികയുടെ ഒരു ഭാഗം വിതരണം ചെയ്തിട്ടുണ്ട്. അര്‍ഹമായ ആവശ്യങ്ങള്‍ അംഗീകരിക്കും, എന്നാല്‍ സ്ഥാപനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടുമ്പോള്‍ തടസം നില്‍ക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇടതുപക്ഷ യൂണിയന്‍ നേതാക്കളോട് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.