പറവൂർ∙ നാലാമതും പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്നു നേപ്പാൾ സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു. നഗരസഭാധികൃതരും പൊലീസും ഇടപെട്ടു കുട്ടിയെയും അമ്മയെയും ചൈൽഡ്‌ലൈൻ പ്രവർത്തകരെ ഏൽപിച്ചു.
നേപ്പാൾ സ്വദേശി ലോഗ് ബഹദൂറിനും ഭാര്യ ജാനകിയ്ക്കുമാണു നാലാമതും പെൺകുഞ്ഞു ജനിച്ചത്. ചാലാക്കയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്നയാളാണു ലോഗ് ബഹദൂർ. വർഷങ്ങളായി മുനമ്പത്താണു താമസിക്കുന്നത്. നേരത്തേ ഇവർക്ക് മൂന്നു പെൺകുട്ടികളുണ്ട്. അതിൽ ഇളയ കുഞ്ഞിന് രണ്ടര വയസ് പ്രായമേയുള്ളൂ. ജാനകി വീണ്ടും ഗർഭിണി ആയപ്പോൾ ഇവർ ചെറായിയിലെ ഒരു ഡോക്ടറെ കാണുകയും എന്തു കുട്ടിയാണെന്ന് അന്വേഷിക്കുകയും ചെയ്തു. ഡോക്ടർ ആൺകുട്ടിയാണെന്നു പറഞ്ഞെന്നാണു ലോഗ് ബഹദൂർ പറയുന്നത്.
ബുധനാഴ്ച വീട്ടില്‍ വച്ചാണു ജാനകി പ്രസവിച്ചത്. പെൺകുഞ്ഞാണെന്നറിഞ്ഞതോടെ ലോഗ് ബഹദൂറും ജാനകിയും കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങി. ഇതറിഞ്ഞ ആശാ വർക്കർമാര്‍ കുടുംബത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിൽസ നൽകാൻ മാതാപിതാക്കൾ തയാറായില്ല. തന്റെ വരുമാനം കൊണ്ടു നാലു പെൺകുഞ്ഞുങ്ങളെ പോറ്റാനാവില്ലെന്നാണു ലോഗ് ബഹദൂർ പറഞ്ഞത്.
വിവരമറിയിച്ചതിനെത്തുടർന്നു പൊലീസും നഗരസഭാധികൃതരും താലൂക്ക് ആശുപത്രിയിലെത്തി. മാതാപിതാക്കൾ കുഞ്ഞിനെ സ്വീകരിക്കാൻ തയാറാകാതിരുന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. അവരെത്തി അമ്മയെയും കുട്ടിയെയും ഏറ്റെടുക്കുകയായിരുന്നു. കാക്കനാടുള്ള ചൈൽഡ് ഹോമിലേക്കു മാറ്റി. ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും.