കോഴിക്കോട്∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകൾ ഇരയാക്കപ്പെടുന്നതായി സിസ്റ്റർ അനുപമ. കന്യാസ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ. പഞ്ചാബിൽ പ്രധാന സ്ഥാനങ്ങളിലുള്ള മൂന്ന് കന്യാസ്ത്രീകളെ ദ്രോഹിക്കുന്നതിനായി മാത്രം കോട്ടയം കുറവിലങ്ങാട്ടെ കോൺവെന്റിലേക്ക് എത്തിച്ചതായും സിസ്റ്റർ അനുപമ മനോരമ ഓൺലൈനോടു പറഞ്ഞു.
കന്യാസ്ത്രീകളെ സ്ഥലംമാറ്റിയത് കേസ് ദുർബലപ്പെടുത്താനും പരാതിക്കാരിയെ നിശബ്ദമാക്കാനുമാണ്. പഞ്ചാബിൽനിന്നെത്തിയ മൂന്ന് കന്യാസ്ത്രീകളിൽ ഒരാൾ കുറവിലങ്ങാട്ടെ കോണ്‍വെന്റിലെ മദർ സുപ്പീരിയറാണ്. പഞ്ചാബിൽ സമാനമായ ചുമതലയും ഒരു സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനവും വഹിച്ചിരുന്നയാളായിരുന്നു ഇവർ. പഞ്ചാബിൽ നിന്ന് ഒരു മുതിർന്ന കന്യാസ്ത്രി ഒക്ടോബറിലും മറ്റു രണ്ട് പേര്‍ ഡിസംബറിലുമാണ് കോട്ടയത്ത് എത്തിയത്.
യാതൊരു സാഹചര്യത്തിലും കുറവിലങ്ങാട്ടെ കോണ്‍വെന്റ് വിട്ടുപോകില്ലെന്ന് സ്ഥലംമാറ്റപ്പെട്ട നാല് കന്യാസ്ത്രീകളും അറിയിച്ചിട്ടുണ്ട്. എന്തിനാണ് ഞങ്ങൾ പോകുന്നത്?. ഈ പള്ളിയിലാണു ഞങ്ങൾ ഇത്രയും കാലം ജീവിച്ചത്. ഇവിടെനിന്ന് പോകണമെന്നാണ് ആവശ്യമെങ്കിൽ ചൂഷണത്തിന് ഇരയായ കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണം. അതിന് അവർ തയാറാകില്ല. ഞങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് എന്തിനാണ് പോകുന്നത്?. കേസ് അവസാനിക്കുന്നതുവരെ ഇവിടെ തുടരാനാണു താൽപര്യം– സിസ്റ്റർ അനുപമ പറഞ്ഞു.
ഒരുമിച്ചു താമസിക്കുക എന്നതാണ് ഞങ്ങൾക്കെല്ലാവർക്കും ആകെയുള്ള ആശ്വാസം. മറ്റുള്ളവരൊന്നും ഞങ്ങളോടു സംസാരിക്കുന്നില്ല. ഒരു ജോലികളും ഏൽപിക്കുന്നില്ല. ഭീകര സംഘങ്ങളെപ്പോലെയാണു ഞങ്ങളോടുള്ള പെരുമാറ്റമെന്നും അവർ ആരോപിച്ചു.