മലപ്പുറം∙ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ മുസ്‍ലിം ലീഗിനെ പഴിച്ച് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. കേസിനു പിന്നിൽ മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയ വിരോധമെന്ന് അദ്ദേഹം പ്രതികരിച്ചു. നിരപരാധിത്വം സുപ്രീം കോടതിയിൽ തെളിയിക്കും. ഹൈക്കോടതി തെറ്റിദ്ധരിച്ചു.
തുടർനടപടികൾ എൽഡിഎഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും റസാഖ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി നിയമപരമായി നേരിടുമെന്ന് എൽഡിഎഫും അറിയിച്ചു. രാഷ്ട്രീയ തിരിച്ചടിയല്ലെന്ന് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.
ഹൈക്കോടതി വിധി സത്യത്തിന്റെ ജയമെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതികരണം. സുപ്രീം കോടതിയില്‍ പോയാലും തെളിവുകള്‍ ശക്തമാണെന്നും മുസ്‌ലിം ലീഗ് നിലപാട് ശരിയെന്ന് തെളിയുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു. കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞതാണ് കേസില്‍ നേട്ടമായതെന്ന് എം.കെ. മുനീര്‍ എംഎല്‍എ അവകാശപ്പെട്ടു. കെ.എം.ഷാജിയെ നിയമസഭാ നടപടികളില്‍നിന്നു വിലക്കിയ സ്പീക്കറുടെ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധിയിലുള്ള നിലപാടറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.