വിവേചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല; സ്റ്റേ ലഭിച്ചില്ലെങ്കിൽ റസാഖിന് അയോഗ്യത: സ്പീക്കർ

SHARE

ദുബായ്∙ കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോൾ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. അതേസമയം അത് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള സമയം കൊടുത്തിരിക്കുന്നു. അതുകൊണ്ട് ആ ഒരു മാസത്തിനുള്ളിൽ അപ്പീലിന്റെ ഭാഗമായിട്ട് സ്റ്റേ കിട്ടിയിട്ടില്ലെങ്കിൽ അദ്ദേഹത്തിനെതിരെയും ഇതേ നടപടികൾ തന്നെയായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു. കെ.എം. ഷാജിയുടെ കാര്യത്തിൽ 15 ദിവസത്തേക്കു സ്റ്റേ ചെയ്തു. 15 ദിവസത്തിനകം അദ്ദേഹത്തിന് സ്റ്റേ ഉത്തരവ് കിട്ടിയില്ല. ആ സാഹചര്യത്തിൽ വേറെ നിർവാഹമുണ്ടായിരുന്നില്ല.

നിയമപരമായി അദ്ദേഹത്തെ സഭയിൽ വരാൻ അനുവദിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതേ സ്ഥിതി ഇതിലും തുടരും. വിവേചനത്തിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. കാരാട്ട് റസാഖിന് ഒരു മാസത്തിനകം ഇപ്പോഴുള്ള വിധിയെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തെ അയോഗ്യനാക്കേണ്ടിവരുമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധിയിലുള്ള സ്പീക്കറുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ടെന്ന് എം.കെ. മുനീർ എംഎൽഎ നേരത്തേ പ്രതികരിച്ചിരുന്നു.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വിഡിയോകൾ പ്രചാരണ സമയത്ത് മണ്ഡലത്തിൽ ഉപയോഗിച്ചിരുന്നുവെന്നായിരുന്നു ആരോപണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA