നോട്ട് നിരോധനത്തിനു ശേഷം ഡോവലിന്റെ മകന്റെ കമ്പനിയിലൂടെ ഇന്ത്യയില്‍ എത്തിയത് 8300 കോടി

ajit-doval
SHARE

ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേകിനു ബ്രിട്ടിഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടില്‍ പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം നടത്തി ഈ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. 

2016ലെ നോട്ട് നിരോധനത്തിനു 13 ദിവസങ്ങള്‍ക്കുശേഷം ദ്വീപില്‍ അനധികൃത അക്കൗണ്ട് തുറന്ന വിവേക്, അതിലൂടെ ഇന്ത്യന്‍ ബാങ്കുകളില്‍ 8300 കോടി രൂപ നിക്ഷേപിച്ചു. അനധികൃതമായി സൂക്ഷിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ് ബാങ്ക് അന്വേഷിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. വിദേശ അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കുന്നതു കുറ്റകരമല്ലെന്നും എന്നാല്‍ 2000-2017 വരെയുള്ള ആര്‍ബിഐയുടെ കണക്ക് അനുസരിച്ച് ഇന്ത്യയ്ക്ക് ആകെ 8,300 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപമേ കെയ്മന്‍ ദ്വീപില്‍നിന്നു ലഭിച്ചിട്ടുള്ളൂ. എന്നാല്‍ നോട്ട് നിരോധനത്തിനുശേഷം ഒരു വര്‍ഷംകൊണ്ട് അത്രയും തുക ഇന്ത്യയിലെത്തി - ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജയറാം പറഞ്ഞു.

2011ല്‍ വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണത്തെക്കുറിച്ചു പഠിക്കാന്‍ രൂപീകരിച്ച ബിജെപിയുടെ കമ്മിറ്റി - ഇന്ത്യന്‍ ബ്ലാക് മണി അബ്രോഡ്: സീക്രട്ട് ബാങ്ക്‌സ് ആന്‍ഡ് ടാക്‌സ് ഹാവന്‍സ് - നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഇത്തരം സ്ഥലങ്ങളില്‍നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപം പരസ്യമാക്കണമെന്നു പറയുന്നുണ്ട്. സ്വന്തം റിപ്പോര്‍ട്ടിനോട് നീതി പുലര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

2016 നവംബര്‍ 21നു ജിഎന്‍വൈ ഏഷ്യ എന്ന കമ്പനിയുടെ പേരില്‍ കരീബിയന്‍ ദ്വീപിലെ ബാങ്കില്‍ അക്കൗണ്ട് തുറന്നു. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണു വിവേക്. പിന്നാലെ, അവിടെനിന്ന് ഇന്ത്യന്‍ ബാങ്കുകളില്‍ വ്യാപക നിക്ഷേപങ്ങള്‍ നടന്നു. പാനമ, പാരഡൈന്‍ രേഖാ വിവാദത്തില്‍ ആരോപണവിധേയനായ ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ് എങ്ങനെ വിവേകിന്റെ കമ്പനിയുടെ ഡയറക്ടറായെന്നതിനു മറുപടിയും ഡോവല്‍ നല്‍കണം. വിദേശത്തെ കള്ളപ്പണനിക്ഷേപങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നു മുന്‍പ് പറഞ്ഞിട്ടുള്ള ഡോവല്‍ വാക്കു പാലിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം വേണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA