ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യമായിരുന്നു സംഭവം. ഫ്രാൻസിലെ ലിയോയിലുള്ള ആ വീട്ടിൽ രണ്ടു ചൈനീസ് ബിസിനസുകാർ എത്തി. ഗ്രേസ് ഹോങ്‌വേ എന്ന യുവതിയെ കാണുകയായിരുന്നു ലക്ഷ്യം. സാമ്പത്തിക വിദഗ്ധയാണ് അവർ. വന്നവരിൽ ഒരാളെ ഗ്രേസിനു പരിചയമുണ്ട്. എന്നാൽ തികച്ചും അപരിചിതമായ മറ്റൊരു കാര്യമാണ് അവർ ആവശ്യപ്പെട്ടത്– അവർക്കൊപ്പം ചെക്ക് റിപ്പബ്ലിക്കിലേക്കു വരണം. പ്രൈവറ്റ് ജെറ്റിലായിരിക്കും യാത്ര. പുതിയൊരു പദ്ധതിയിൽ നിക്ഷേപമിറക്കാൻ പോവുകയാണ് അവരുടെ കമ്പനി. അതിനു മുന്നോടിയായി ഒരു സാമ്പത്തിക വിദഗ്ധയുടെ ഉപദേശം ആവശ്യമുണ്ട്. അതിന്റെ ഭാഗമായാണു യാത്ര.
എന്നാൽ ഗ്രേസ് എന്തോ അപകടം മണത്തു. സെപ്റ്റംബർ 29നാണു ഭർത്താവ് ചൈനയിലേക്കു പോയത്. ഇതുവരെ അദ്ദേഹത്തിന്റെ ഒരു വിവരവുമില്ല. ‘എന്റെ ഫോൺവിളിക്കായി കാത്തിരിക്കൂ’ എന്നൊരു സന്ദേശം മാത്രമാണ് അവസാനമായി വന്നത്. അതിനു പിന്നാലെ ഒരു കത്തിയുടെ ഇമോജിയും. ജീവനു ഭീഷണിയുണ്ടെന്ന മുന്നറിയിപ്പായിരുന്നു അതെന്ന് ഉറപ്പ്. അതിനാൽത്തന്നെ ഗ്രേസ് ഉറപ്പിച്ചു പറഞ്ഞു– ‘ചെക്ക് റിപ്പബ്ലിക്കിലേക്കു വരാൻ ബുദ്ധിമുട്ടുണ്ട്...’
ഈ സംഭവത്തിനു പിന്നാലെയാണ് ഗ്രേസിന്റെ ഭർത്താവ് മെങ് ഹോങ്‌വെ അറസ്റ്റിലായെന്ന വിവരം ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. മെങ്ങിന്റെ തിരോധാനത്തിൽ എന്തുകൊണ്ടാണ് ഇത്രയേറെ ദുരൂഹത? കാരണമുണ്ട്. ലോക പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ ചൈനയിൽ നിന്നുള്ള ആദ്യത്തെ തലവനായിരുന്നു മെങ്. ചൈനീസ് ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോടെയായിരുന്നു മെങ്ങിനെ ഇന്റർപോൾ തലപ്പത്തേക്കു തിരഞ്ഞെടുത്തത്. ഭാര്യയ്ക്കും ഏഴു വയസ്സുള്ള ഇരട്ടക്കുട്ടികൾക്കുമൊപ്പം ലിയോയിൽ താമസമാക്കുകയും ചെയ്തു. പക്ഷേ ഏതാനും മാസങ്ങൾക്കപ്പുറം ചൈനയിലേക്കു തിരികെപ്പോയ മെങ്ങിനെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ല.
സെപ്റ്റംബറിലായിരുന്നു മെങ്ങിന്റെ അവസാന സന്ദേശം ഭാര്യ ഗ്രേസിനു ലഭിച്ചത്. മൂന്നുമാസത്തിനപ്പുറം, ഇപ്പോൾ തനിക്ക് അഭയം നൽകണമെന്നു ഫ്രാന്‍സിനോട് അഭ്യർഥിച്ചിരിക്കുകയാണ് ഗ്രേസ്. അതിലേക്ക് അവരെ നയിച്ചതാകട്ടെ ഭയപ്പെടുത്തുന്ന ഒട്ടേറെ അനുഭവങ്ങളും. ‘ലിബറേഷൻ’ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അവർ വെളിപ്പെടുത്തിയത്. ചൈനയിലേക്കു തട്ടിക്കൊണ്ടു പോകുന്നതിനു ശ്രമമുണ്ടെന്നും രക്ഷിക്കണമെന്നും കാണിച്ച് ഔദ്യോഗികമായി നിവേദനവും നൽകി. അഭയാർഥികൾക്കും പ്രവാസികൾക്കും അഭയം നല്‍കുന്ന പ്രൊട്ടക്‌ഷൻ ഓഫ് റെഫ്യുജീസ് ആൻഡ് എക്സ്പാട്രിയറ്റ്സ്(Ofpra) വകുപ്പിനും പൊലീസിനുമാണു നിവേദനം നൽകിയത്. ഭർത്താവ് ജീവനോടെയുണ്ടോയെന്ന കാര്യത്തിൽ പോലും തനിക്കു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഗ്രേസ് പറയുന്നു.
ഒക്ടോബറില്‍ തന്നെ കാണാൻ വന്ന ബിസിനസുകാർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വീട്ടിലെത്തി. ഗ്രേസിന്റെ താൽപര്യമനുസരിച്ച് യൂറോപ്പിലെ ഏതെങ്കിലും നഗരത്തിൽ കൂടിക്കാഴ്ച നടത്താമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഭർത്താവിനോടൊപ്പമല്ലാതെ എവിടേക്കുമില്ലെന്നു പറഞ്ഞ് അവരെ യാത്രയാക്കുകയായിരുന്നു. ഒക്ടോബറിൽത്തന്നെ ചൈനയുടെ ഭാഗത്തു നിന്നു ‘തട്ടിക്കൊണ്ടു പോകാൻ’ വീണ്ടും ശ്രമമുണ്ടായെന്നും ഗ്രേസ് പറയുന്നു.
ലിയോയിലെ ചൈനീസ് കോൺസുലേറ്റിൽ നിന്ന് ഗ്രേസിന് ഒരു സന്ദേശം ലഭിച്ചു. മെങ്ങിന്റെ കത്ത് തങ്ങളുടെ കൈവശമുണ്ടെന്നും നേരിട്ടു വന്നു കൈപ്പറ്റണമെന്നുമായിരുന്നു അത്. എന്നാൽ കത്ത് ഫ്രഞ്ച് പൊലീസിനു നൽകാൻ നിർദേശിക്കുകയായിരുന്നു ഗ്രേസ്. അല്ലെങ്കിൽ കോൺസുലേറ്റിലേക്കു ഫ്രഞ്ച് പൊലീസിനൊപ്പം വരാൻ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ രണ്ടിനും മറുപടി ലഭിച്ചില്ല. ഇതാണ് തനിക്കു നേരിടേണ്ടി വന്ന സംഭവങ്ങൾക്കു പിന്നിൽ ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടലുണ്ടെന്ന സംശയം ശക്തമാക്കിയത്. അതിനിടെ ചൈനയിൽ നിന്നു ഭർത്താവിന്റെയോ ഗ്രേസിന്റെ കുടുംബാംഗങ്ങളുടെയോ യാതൊരു വിവരങ്ങളും ലഭിച്ചതുമില്ല. ചൈനയിലെ ഗ്രേസിന്റെ ഫോണും ഇന്റർനെറ്റ് അക്കൗണ്ടുകളുമെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടു.
ഇടയ്ക്കിടെ ലിയോയിലെ വീട്ടിലേക്ക് അജ്ഞാത ഫോൺ വിളികളെത്തുന്നു. ചിലപ്പോൾ അങ്ങേത്തലയ്ക്കൽ ആരുമുണ്ടാകില്ല, മറ്റു സമയങ്ങളിലാകട്ടെ വ്യക്തിഗത വിവരങ്ങൾ ചോദിച്ചിട്ടായിരിക്കും ഫോൺ വരിക. വധഭീഷണിയുമായിട്ടായിരുന്നു ഒരു ഫോൺവിളി. അതാകട്ടെ ഫ്രാൻസിൽ റജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും!
അധികമാരുമറിയാെത ഒരു ഹോട്ടൽ മുറിയിലാണ് ഗ്രേസും കുട്ടികളും ഇപ്പോൾ താമസിക്കുന്നത്. ഒരിക്കൽ ഇവിടേക്കു പോകുംവഴി ചൈനീസ് ദമ്പതികൾ പിന്തുടർന്നു വന്നു. താൻ മുറിയിലേക്കു പോയി. പിന്നീടറിഞ്ഞു, അവർ റിസപ്ഷനിൽ നിന്നു തന്നെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കിയെന്ന്. തന്റെ മുറിയുടെ നമ്പരും ചൈനയിലെ വിലാസവുമെല്ലാം റിസപ്ഷനിൽ നൽകിയായിരുന്നു അന്വേഷണം. മിക്ക സ്ഥലങ്ങളിൽ പോകുമ്പോഴും അജ്ഞാതർ തന്നെ നിരീക്ഷിക്കുകയാണെന്നും ഗ്രേസിന്റെ പരാതിയിൽ പറയുന്നു. ചിലയിടങ്ങളിലെല്ലാം നിരീക്ഷണം പരസ്യമായാണ്. മക്കളുമായി പുറത്തു പോലും പോകാൻ പറ്റാത്ത അവസ്ഥ.
ക്യാമറയുമായി പലരും പിന്തുടരാറുണ്ട്. ഒരിക്കൽ താൻ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റ് പരസ്യമായി ഒരാൾ ക്യാമറയിൽ പകർത്തുന്നതു കണ്ടെന്നും ഗ്രേസ് പറയുന്നു. അജ്ഞാതരായ ആരൊക്കെയോ എല്ലായിപ്പോഴും തനിക്കു പിന്നാലെയുണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ ജീവിതം. ജനുവരി ആദ്യവാരം മുതൽ ഈ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഗ്രേസ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് അധികൃതരുടെ സഹായം തേടിയത്. തന്റെയും കുട്ടികളുടെയും ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ നൽകണമെന്നും നിവേദനത്തിൽ പറയുന്നു. മാധ്യമങ്ങളോടു തന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും അവർ അഭ്യർഥിച്ചിട്ടുണ്ട്.
ചൈനയിൽ പൊതുസുരക്ഷാ സഹമന്ത്രി കൂടിയായിരുന്നു മെങ്. പൊതുസുരക്ഷാ മന്ത്രിയും പൊലീസ് സേനയുടെ തലവനുമായിരുന്ന സൗ യോങ്‌കാങ് ആയിരുന്നു മെങ്ങിനെ സഹമന്ത്രിയാക്കിയത്. എന്നാൽ സൗവിനെതിരെ അതിശക്തമായ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ മെങ്ങും സംശയത്തിന്റെ നിഴലിലാവുകയായിരുന്നു. സൗ അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയെന്നു മാത്രമല്ല രാജ്യരഹസ്യങ്ങൾ ചോർത്തി നൽകിയെന്നും പരാതിയുണ്ട്. 2015ൽ അറസ്റ്റിലായ സൗ ഇപ്പോൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. രാജ്യത്തു നിന്ന് അഴിമതി തുടച്ചുമാറ്റുമെന്ന പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു സൗവിനെതിരെ നടപടിയുണ്ടായത്.
എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ എതിരാളികളെ ഇല്ലാതാക്കാൻ കള്ളക്കേസുണ്ടാക്കി കുടുക്കുകയാണ് ഷി ചിൻപിങ് ചെയ്യുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. മെങ്ങിനെ കുടുക്കിയതും ഇതിന്റെ ഭാഗമായാണെന്നും സംശയമുണ്ട്. ഭരണത്തിൽ സൗ കൊണ്ടുവന്ന എല്ലാ ‘പുഴുക്കുത്തുകളും’ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരെയും പൊലീസ് പിടികൂടിയിരുന്നു. 2004 മുതൽ സൗവിനൊപ്പമുണ്ട് മെങ്. മെങ്ങിനെതിരെ അഴിമതിക്കേസാണു ചുമത്തിയിരിക്കുന്നതെന്നും ചൈന വ്യക്തമാക്കിയിരുന്നു. മെങ് ഹോങ്‌വെയ് ഇന്റർപോൾ പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി ഇന്റർപോൾ അറിയിച്ചതിനു പിന്നാലെയായിരുന്നു ചൈനയുടെ വിശദീകരണം. രാജി വയ്ക്കുന്നതായുള്ള സന്ദേശം മെങ്ങിൽ നിന്നു ലഭിച്ചതായി ഇന്റർപോളും വ്യക്തമാക്കിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ഗ്രേസിന് അവർ നൽകിയില്ല.
കൈക്കൂലിയും നിയമലംഘവുമടക്കമുള്ള ആരോപണങ്ങളാണ് മെങ്ങിനെതിരെയുള്ളത്. മന്ത്രിക്കെതിരെ അന്വേഷണം നടക്കുന്ന കാര്യം സുരക്ഷാമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ചൈന പുറത്തുവിടുകയും ചെയ്തു. ഹോങ്‍വെയ്ക്കൊപ്പം കൈക്കൂലി വാങ്ങിയവർക്കെതിരെയും അന്വേഷണം നടത്തുമെന്നും ശിക്ഷിക്കുമെന്നും സൈറ്റിൽ പറയുന്നു. എന്നാൽ, മെങ്ങിനെതിരായ പരാതി എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.
ചൈനയിൽനിന്നുള്ള ആദ്യ ഇന്റർപോൾ പ്രസിഡന്റാണു മെങ്. 2016 ലായിരുന്നു നിയമനം. 192 രാജ്യങ്ങൾ അംഗങ്ങളായ ഏജൻസിയാണ് ഇന്റർപോള്‍. ഫ്രാൻസിലെ ലിയോ ആസ്ഥാനമായാണ് പ്രവർത്തനം. ദൈനംദിന പ്രവർത്തനങ്ങൾക്ക് സെക്രട്ടറി ജനറൽ നേതൃത്വം നൽകുന്ന സംഘടനയിൽ പ്രസിഡന്റിന്റേത് ആലങ്കാരിക പദവിയാണ്. മെങ് രാജിവച്ചതിനു പിന്നാലെ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജോങ്–യാങ്ങിനെ തലവനായി ഇന്റർപോൾ തിരഞ്ഞെടുത്തിരുന്നു. മെങ്ങിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഗ്രേസ് അഭയം തേടിയതിനെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. മെങ്ങിന് ഭാര്യയെ കാണാനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനുള്ള മറുപടിയായി ചൈന വ്യക്തമാക്കിയത്.