അഹമ്മദാബാദ്∙ രാജ്യത്തെ ടെലികോം മേഖലയെ ഞെട്ടിച്ച ജിയോ വിപ്ലവത്തിനു പിന്നാലെ പുതിയ മേഖലയിൽക്കൂടി കൈവയ്ക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കോടികളുടെ വ്യാപാരം നടക്കുന്ന ഓൺലൈൻ ഷോപ്പിങ് മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ഇപ്പോൾ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ് ഭീമന്മാരായ ആമസോൺ, വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ട് എന്നിവയെ പിന്നിലാക്കി വൻ കുതിപ്പാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
‘ജിയോയും റിലയൻസ് റീട്ടെയ്‌ലും ചേർന്നു പുതിയ വാണിജ്യ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ പോകുകയാണ് ഗുജറാത്തിലെ 12 ലക്ഷത്തോളം ചെറുകിട റീട്ടെയ്‌ലർമാരെയും കടയുടമകളെയും ശാക്തീകരിക്കാൻ’ ഗുജറാത്തിൽ നടന്ന പരിപാടിയിൽ മുകേഷ് അംബാനി പറഞ്ഞു.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ജിയോയ്ക്ക് നിലവിൽ 280 മില്യൺ ഉപഭോക്താക്കളുണ്ട്. റിയലൻസ് റീട്ടെയ്‌ലിന് രാജ്യത്താകമാനം 10,000 ഔട്ട്‌ലെറ്റുകളുണ്ട്. ഇവ രണ്ടും ചേർന്ന് വ്യാപാരികളെ യോജിപ്പിക്കാനാണ് പദ്ധതി, റിലയൻസ് റീട്ടെയ്‌ൽ മുതിർന്ന ഉദ്യോഗസ്ഥൻ വി. സുബ്രഹ്മണ്യം പറഞ്ഞു.
വിദേശ ഓൺലൈൻ റീട്ടെയ്‌ലർമാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ വഴി ഇന്ത്യയിൽ വിൽക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രം സ്വീകരിച്ചത്. മാത്രമല്ല, തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ മാത്രമേ വിൽക്കാവൂ എന്ന നിയന്ത്രണം വയ്ക്കാൻ പാടില്ലെന്നും കേന്ദ്രം നിഷ്കർഷിച്ചു. ഈ നീക്കങ്ങൾ ആമസോണിനെയും വാൾമാർട്ടിനെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശീയ സ്ഥാപനമായ റിലയൻസിന് ഈ നേട്ടമാക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.