കൊച്ചി∙ മുനമ്പത്തുനിന്ന് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചു പണമില്ലാത്തതിനാൽ മടങ്ങേണ്ടി വന്ന ദീപക് (39), പ്രഭു ദണ്ഡപാണി (31) എന്നിവർ ഡൽഹിയിൽ പൊലീസ് കസ്റ്റഡിയിലായി. ഇവരെ ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവെടുപ്പിനായി ഇന്നു കൊച്ചിയിലെത്തിക്കും. കേസിൽ ബോട്ടുടമ അനിൽകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനുഷ്യക്കടത്തു സംഘം ആവശ്യപ്പെട്ട രണ്ടു ലക്ഷം രൂപ നൽകാനില്ലാതിരുന്നതിനാലാണു ന്യൂഡൽഹിയിലെ അംബേദ്കർ നഗറിലേക്കു മടങ്ങേണ്ടി വന്നത് എന്നാണ് ഇവർ പറയുന്നത്.
ജനുവരി 12ന് പുലർച്ചെ മുനമ്പത്തുനിന്നു പുറപ്പെട്ട ബോട്ടിൽ ഇവരുടെ ഭാര്യമാരും മക്കളുമുണ്ട്. ഒരു കുടുംബത്തെ കടത്താൻ 5 ലക്ഷം രൂപയാണു റാക്കറ്റ് ആവശ്യപ്പെട്ടത്. ഇവരുടെ പക്കൽ 3 ലക്ഷം രൂപയാണുണ്ടായിരുന്നത്. പണം നൽകിയാൽ അടുത്ത തവണ കടത്തിവിടാമെന്ന ഉറപ്പിലാണു ദീപക്കിനെയും പ്രഭുവിനെയും ഇവിടെ നിർത്തിയത്. ശനി രാവിലെ 6നാണു 230 പേരുമായി ബോട്ട് തീരം വിട്ടതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.
തക്കല ശ്രീകാന്തൻ, തിരുവള്ളൂർ രവി, സെൽവം എന്നിവരാണു ഇവരിൽനിന്നു പണം വാങ്ങിയത് അതേസമയം നിയമവിരുദ്ധമായാണ് ഇവർ ആളുകളെ കടത്തുന്നത് എന്നു പിടിയിലായവർക്കോ സംഘത്തിലുള്ളവർക്കോ അറിയില്ല. മുനമ്പത്തെ ‘ദയ മാതാ’ ബോട്ടിൽ 12നു പുലർച്ചെ കയറിയതു 230 പേരാണെന്നാണു പിടിയിലായവരിൽനിന്നു ലഭിക്കുന്ന വിവരം.
മുനമ്പം മനുഷ്യക്കടത്തിൽ വിദേശത്തേക്കു കടന്നതായി സംശയിക്കുന്നവരുടെ ഡൽഹിയിലെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലേക്കു കടന്നെന്നു സംശയിക്കുന്ന വിഷ്ണുകുമാറിന്റേതടക്കമുള്ള വീടുകളിലാണു തിരച്ചിൽ നടത്തിയത്.
അതേസമയം മനുഷ്യക്കടത്തു സംഘത്തിനൊപ്പം അവയവ വിൽപന റാക്കറ്റും മുനമ്പത്ത് എത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ അഭയാർഥികളായി കഴിയുന്നവരാണു കടൽമാർഗം അനധികൃതമായി വിദേശത്തേക്കു കടക്കാൻ മുനമ്പത്ത് എത്തിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരിൽ പലർക്കും മനുഷ്യക്കടത്തുകാർ ആവശ്യപ്പെട്ട പണം നൽകാനുള്ള ശേഷിയില്ലായിരുന്നു. പണമില്ലാത്തതിനാൽ ബോട്ടിൽ കയറ്റാതെ മടക്കിയയച്ചവരെയാണ് അവയവ വിൽപന റാക്കറ്റ് സമീപിച്ചു പണം വാഗ്ദാനം ചെയ്തത്. ബോട്ടിൽ കയറാൻ കഴിയാതെ ന്യൂഡൽഹിക്കു മടങ്ങിയവർക്കൊപ്പം അവയവ റാക്കറ്റിന്റെ ഏജന്റുമാരുമുണ്ട്.
മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേർ ഓസ്ട്രേലിയയിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
12ന് രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്.