അഹമ്മദാബാദ്∙ ഗുജറാത്ത് സർക്കാർ സംഘടിപ്പിക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019’ന്റെ ഭാഗമായി ലാർസൻ ആൻഡ് ട്യൂബ്രോ (എൽ ആൻഡ് ടി) കമ്പനിയുടെ ആയുധ നിർമാണശാല പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച, ഗുജറാത്തിലെ ഹസീരയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
പ്രതിരോധ രംഗത്ത് ‘മെയ്ക്ക് ഇൻ ഇന്ത്യ’ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിലേക്ക് സ്വകാര്യ മേഖല നൽകുന്ന വിലപ്പെട്ട സംഭാവനകളിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 100 ടാങ്കുകൾ കമ്പനി നിർമിക്കും. ഉദ്ഘാടനത്തിനു ശേഷം കമ്പനി നിർമിച്ച ‘കെ9 വജ്ര’ ടാങ്കിൽ പ്രധാനമന്ത്രി യാത്ര ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി മറ്റു നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ശാസ്ത്ര–സാങ്കേതിക രംഗത്തെ വികസനം ലക്ഷ്യമിട്ടുള്ളതാണ് ‘വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി’. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഇതിനു രൂപംനൽകിയത്.