തിരുവനന്തപുരം∙ ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടിക നൽകിയതിൽ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം വകുപ്പല്ല പട്ടിക നൽകിയത്. പിഴവുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പട്ടികയിൽ ദേവസ്വം ബോർഡിന് ഉത്തരവാദിത്തമില്ലെന്ന് പ്രസിഡന്റ് എ. പത്മകുമാറും വ്യക്തമാക്കി. ബോർഡ് കണക്കെടുത്തിട്ടുമില്ല, നൽകിയിട്ടുമില്ല. പട്ടിക നൽകിയവരാണു കാര്യങ്ങൾ പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല യുവതീപ്രവേശ പട്ടികയിൽ ഒരു പുരുഷനും ഉൾപ്പെട്ടെന്ന വാർത്തയും പുറത്തുവന്നു. തമിഴ്നാട് വില്ലുപുരം സ്വദേശി ദേവശിഖാമണി എന്നയാൾ ഡിസംബർ 17ന് ദർശനം നടത്തിയിരുന്നു. 18 അംഗ സംഘത്തിനൊപ്പമാണ് ദേവശിഖാമണി മല കയറിയത്.