ബ്യൂട്ടിസലൂൺ വെടിവയ്പ് കേസ്: നടി ലീന മരിയ പോൾ വീണ്ടും മൊഴി നൽകി

കൊച്ചി∙ ബ്യൂട്ടിസലൂൺ വെടിവയ്പ് കേസിൽ സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോൾ വീണ്ടും പൊലീസിന്‌ മുന്നിൽ ഹാജരായി മൊഴിനൽകി. അഭിഭാഷകന്റെ വീട്ടിൽവച്ച് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ച മുൻപ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാതെ ലീന ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘമാണ് വെടിവയ്‌പിനു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തേ ലീനയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഇയാളുടെ സംഘവുമായി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഉണ്ടായിരുന്നില്ല. അതിനാലാണ് ലീനയെ വീണ്ടും വിളിപ്പിച്ചത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്.

പൊലീസ് നോട്ടിസ് നല്‍കിയതു പ്രകാരമാണു രണ്ടാം വട്ടവും മൊഴി നൽകുന്നതിനായി ലീന മരിയ പോൾ ഹാജരായത്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.