ഇന്ത്യയുടെ ‘ഗഗൻയാൻ’ അദ്ഭുതങ്ങൾ സൃഷ്ടിക്കും; അടുത്ത ലക്ഷ്യം സൂര്യൻ: ഐഎസ്ആർഒ

ISRO-Chairman-Dr-K-Sivan
SHARE

കൊച്ചി ∙ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുക മാത്രമല്ല ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടി ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങൾ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതായിരിക്കുമെന്നും ഐഎസ്ആർഒ ചെയര്‍മാൻ ഡോ. കെ.ശിവൻ. ഇന്ത്യയെപ്പോലെ ഒരു വികസ്വരരാജ്യം ‘ഗഗൻയാൻ’ പോലെ കോടികൾ മുതൽമുടക്കുള്ള പദ്ധതികൾക്കു പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാരുടെ ഭാവനയെ ജ്വലിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികൾ. ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കായി ഇന്ത്യയൊട്ടാകെ ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കാനിരിക്കുകയാണ്. ഐഎസ്ആർഒയുടെ പ്രശ്നങ്ങൾക്കു പ്രാദേശിക തലത്തിൽ വിദഗ്ധ സഹായം ലഭിക്കാന്‍ ഇത് ഉപകാരപ്പെടും. ഇക്കാര്യത്തിൽ വിദ്യാര്‍ഥികളുടെ സഹായവും അത്യാവശ്യമാണ്. 

വിദ്യാർഥികൾക്കായി ഐഎസ്ആർഒയുടെ കീഴിൽ ‘യങ് സയന്റിസ്റ്റ്സ് പ്രോഗ്രാം’ ഉടൻ ആരംഭിക്കും. പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തുനിന്നും 8,9 ക്ലാസുകളിലെ മൂന്നു വിദ്യാർഥികളെ വീതം തിരഞ്ഞെടുത്ത് ഐഎസ്ആർഒയിൽ പരിശീലനം നൽകുമെന്നും ഡോ. ശിവൻ പറഞ്ഞു. മലയാള മനോരമ-ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയിലെ പുരസ്‌കാരച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ‘സംവാദ് വിത് സ്റ്റുഡന്റ്സ്’ എന്ന പേരിലായിരുന്നു വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ച.

പാവപ്പെട്ടവരാണെന്നു കരുതി ബിരിയാണി കഴിക്കരുതെന്നില്ലല്ലോ. ഇന്ത്യ ദരിദ്ര രാജ്യമാണെന്ന സങ്കൽപം തെറ്റാണ്. ഇന്ത്യ സമ്പന്ന രാജ്യമാണ്. ഓരോ മിനുട്ടിലും 44 പേർ എന്ന കണക്കിനു ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തുന്ന രാജ്യമാണ് ഇന്ത്യ’– ഉൽപാദനത്തിലെയും മറ്റും ഇന്ത്യയുടെ ഉയർന്ന റാങ്ക് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഡോ. ശിവന്‍ തന്റെ വാദം സ്ഥാപിച്ചത്.

രാജ്യം ഇന്നത്തേതിനേക്കാൾ പിന്നാക്കം നിൽക്കുമ്പോൾ 50 വർഷം മുൻപു വിക്രം സാരാഭായ് ഐഎസ്ആർഒ ആരംഭിച്ചതുകൊണ്ടാണ് നമുക്കു ലഭ്യമായിട്ടുള്ള മൊബൈൽ ഫോൺ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആസ്വദിക്കാൻ സാധിച്ചത്. ബഹിരാകാശത്തു മനുഷ്യരെ എത്തിക്കാനുള്ള ഗഗൻയാനാണ് ഇപ്പോൾ ഐഎസ്ആർഒയ്ക്കു മുന്നിലുള്ള സുപ്രധാന പദ്ധതി. സൂര്യനെക്കുറിച്ച് അറിയാനുള്ള പദ്ധതിയാണ് മറ്റൊന്ന്.

മനുഷ്യനെ എങ്ങനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാം, എങ്ങനെ സുരക്ഷിതരായി തിരിച്ചെത്തിക്കാം എന്നതാണ് ഇപ്പോൾ ഐഎസ്ആർഒയ്ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. കുറേപേരുടെ തോൽവിയിൽ നിന്നുള്ള പാഠങ്ങളാണു നമ്മളിപ്പോൾ പുസ്തകങ്ങളായും അല്ലാതെയും പഠിക്കുന്നത്. പരാജയങ്ങളെ അവസരങ്ങളായി കണ്ട് അതിൽനിന്നു പഠിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോടു നിർദേശിച്ചു. 

മനുഷ്യവിഭവശേഷി ഇനിയും ഏറെ വേണം നമുക്ക്. ഐഎസ്ആർഒയിൽ നിലവിൽ 17,000 പേരാണുള്ളത്. ഇതു തികയാത്ത അവസ്ഥയാണ്. നിരവധി ന്യൂട്ടൻമാരും സി.വി.രാമന്മാരും ഐൻസ്റ്റീൻമാരും നമുക്കൊപ്പമുണ്ടാകുന്ന കാലം വിദൂരമല്ല. ശാസ്ത്ര–സാങ്കേതിക മേഖലയിൽ ലോകം അതിവേഗത്തിലാണു കുതിക്കുന്നത്. ഈ വേഗത്തിനൊപ്പം സഞ്ചരിക്കാൻ നമ്മുടെ യുവജനതയ്ക്കും സാധിക്കണം.

മാസ്റ്റർമൈൻഡിൽ അവതരിപ്പിച്ച പ്രോജക്ടുകൾ ഒട്ടേറെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ദശാബ്ദങ്ങൾക്കു മുൻപ് വിക്രം സാരാഭായ് സ്വപ്നം കണ്ടതും ഇതായിരുന്നു. ഇവരിലാണു രാജ്യത്തിന്റെ പ്രതീക്ഷയെന്നും ഡോ.ശിവൻ കൂട്ടിച്ചേർത്തു. മാസ്റ്റർമൈൻഡ് വിജയികൾക്ക് ഐഎസ്ആർഒയിലെ വിക്ഷേപണങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കാനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA